മർക്കോസ് 6:41-52

മർക്കോസ് 6:41-52 MCV

അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു. യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു. ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഒരു മലയിലേക്ക് കയറിപ്പോയി. അന്നുരാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു, കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു. അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു. അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു. ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി. അവർക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.