മർക്കൊസ് 6:41-52

മർക്കൊസ് 6:41-52 MALOVBSI

അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി. കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു. താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാൻ നിർബന്ധിച്ചു. അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി. വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. കാറ്റു പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ചു വലയുന്നത് അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവർ നിരൂപിച്ചു നിലവിളിച്ചു. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.