മർക്കൊസ് 12:28-34

മർക്കൊസ് 12:28-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നതു കേട്ട് അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം' എന്ന് ആകുന്നു. രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോട്: നന്ന്, ഗുരോ, നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.

മർക്കൊസ് 12:28-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മതപണ്ഡിതന്മാരിൽ ഒരാൾ അവരുടെ സംവാദം കേട്ടു. യേശു അവർക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാൾ അവിടുത്തോടു ചോദിച്ചു: “കല്പനകളിൽ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?” യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേൾക്കുക! സർവേശ്വരനായ നമ്മുടെ ദൈവം ഏക കർത്താവാകുന്നു. നിന്റെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടി സ്നേഹിക്കുക; അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല. മതപണ്ഡിതൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. ആ ദൈവത്തെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടി സ്നേഹിക്കുകയും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണ്.” അയാൾ ബുദ്ധിപൂർവം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കൾ ദൈവരാജ്യത്തിൽനിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങൾ ചോദിക്കുവാൻ തുനിഞ്ഞില്ല.

മർക്കൊസ് 12:28-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ടു: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ടു ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോടു ചോദിച്ചു. അതിന് യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്. നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. രണ്ടാമത്തേതോ: “നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യംതന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയതു തന്നെ” എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ട്: “നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്നു പറഞ്ഞു. അതിന്‍റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.

മർക്കൊസ് 12:28-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.

മർക്കൊസ് 12:28-34 സമകാലിക മലയാളവിവർത്തനം (MCV)

അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ; നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.” “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല.