മർക്കോസ് 12

12
പാട്ടക്കർഷകരുടെ സാദൃശ്യകഥ
1വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു,#12:1 പാറയിൽ കൊത്തിയെടുക്കുന്ന കുഴിയാണ് ഇത്. ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. 2വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. 3എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകൈയോടെ തിരികെ അയയ്ക്കുകയും ചെയ്തു. 4മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. 5അദ്ദേഹം വീണ്ടും മറ്റൊരാളെ അയച്ചു; അയാളെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും ഇതുപോലെ അദ്ദേഹം അയച്ചു; അവരിൽ ചിലരെ അവർ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
6“അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു.
7“എന്നാൽ ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’ 8അങ്ങനെ അവർ അവനെ പിടിച്ചു കൊന്ന്, മുന്തിരിത്തോപ്പിന് വെളിയിൽ എറിഞ്ഞുകളഞ്ഞു.
9“മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.
10-11“ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നു;
ഇത് കർത്താവ് ചെയ്തു;
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു,’#12:10-11 സങ്കീ. 118:22,23
എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?”
12യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ അവർ ജനരോഷം ഭയപ്പെട്ട് അദ്ദേഹത്തെ വിട്ട് അവിടെനിന്നു പോയി.
കൈസർക്കു കരം കൊടുക്കുന്നത്
13പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. 14അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ? 15ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു.
യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം#12:15 മൂ.ഭാ. ദിനാർ കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.” 16അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.
“കൈസറുടേത്” അവർ മറുപടി പറഞ്ഞു.
17അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു.
അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.
പുനരുത്ഥാനത്തെപ്പറ്റി
18പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു. 19അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ. 20ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. 21രണ്ടാമൻ ആ വിധവയെ വിവാഹംചെയ്തു; അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. 22ഇങ്ങനെ ഏഴുപേരും മക്കളില്ലാത്തവരായി മരിച്ചു; ഒടുവിൽ ആ സ്ത്രീയും മരിച്ചു. 23അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
24അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്? 25മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല; അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും. 26എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ: മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’#12:26 പുറ. 3:2-6 എന്നു ദൈവം മോശയോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ? 27അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു.”
ഏറ്റവും പ്രധാനപ്പെട്ട കൽപ്പന
28അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു.
29അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ; 30നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’#12:30 ആവ. 6:4,5 31രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’#12:31 ലേവ്യ. 19:18 എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”
32“ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. 33സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.
34അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല.
ക്രിസ്തു ആരുടെ പുത്രൻ?
35പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ? 36ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി,
“ ‘ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’
എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു#12:36 സങ്കീ. 110:1
എന്നു പ്രസ്താവിച്ചല്ലോ! 37ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു.
വേദജ്ഞർക്കെതിരേയുള്ള മുന്നറിയിപ്പ്
38യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. 39പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു. 40അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട്#12:40 മൂ.ഭാ. നിർലജ്ജം വിധവകളുടെ വീടുകൾ വിഴുങ്ങിയിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”
വിധവയുടെ വഴിപാട്
41പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു. 42എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ#12:42 മൂ.ഭാ. രണ്ട് ലപ്ത ഇട്ടു. അതിന് ഒരു പൈസയുടെ#12:42 മൂ.ഭാ. കൊദ്രാന്റ് വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.
43യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. 44മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

മർക്കോസ് 12: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക