മതപണ്ഡിതന്മാരിൽ ഒരാൾ അവരുടെ സംവാദം കേട്ടു. യേശു അവർക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാൾ അവിടുത്തോടു ചോദിച്ചു: “കല്പനകളിൽ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?” യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേൾക്കുക! സർവേശ്വരനായ നമ്മുടെ ദൈവം ഏക കർത്താവാകുന്നു. നിന്റെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടി സ്നേഹിക്കുക; അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല. മതപണ്ഡിതൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. ആ ദൈവത്തെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടി സ്നേഹിക്കുകയും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണ്.” അയാൾ ബുദ്ധിപൂർവം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കൾ ദൈവരാജ്യത്തിൽനിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങൾ ചോദിക്കുവാൻ തുനിഞ്ഞില്ല.
MARKA 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 12:28-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ