മർക്കൊസ് 12:1-17
മർക്കൊസ് 12:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലി കെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു. അവർ അവനെ പിടിച്ചു തല്ലി വെറുതേ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. അവന് ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു. ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു. അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽനിന്ന് എറിഞ്ഞുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും. “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതു കർത്താവിനാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ? ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ട് അവനെ വിട്ടുപോയി. അനന്തരം അവനെ വാക്കിൽ കുടുക്കുവാൻവേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. അവർ വന്ന്: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടത് എന്ന് അവനോടു ചോദിച്ചു. അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു. അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്ന് അവരോടു ചോദിച്ചതിന്: കൈസരുടേത് എന്ന് അവർ പറഞ്ഞു. യേശു അവരോട്: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
മർക്കൊസ് 12:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവൽഗോപുരം നിർമിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാൾ വിദേശത്തേക്കു പോയി. വിളവെടുപ്പിനു സമയമായപ്പോൾ മുന്തിരിത്തോട്ടത്തിൽനിന്നു തനിക്കു കിട്ടേണ്ട പാട്ടം വാങ്ങുന്നതിനായി അയാൾ ഒരു ദാസനെ പാട്ടക്കാരുടെ അടുക്കലേക്കയച്ചു. അവർ അവനെ പിടിച്ചു കണക്കിനു പ്രഹരിച്ചു വെറുംകൈയായി തിരിച്ചയച്ചു. വീണ്ടും മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു. അവർ അവന്റെ തലയ്‍ക്കു പരുക്കേല്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു. പിന്നീടു മറ്റൊരാളെക്കൂടി പറഞ്ഞയച്ചു. അവർ അവനെ കൊന്നുകളഞ്ഞു; മറ്റുപലരെയും ആ പാട്ടക്കാർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു. അവരുടെ അടുക്കൽ അയയ്‍ക്കാൻ ഇനി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രൻ. ‘എന്റെ മകനെ അവർ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാൾ തന്റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു. മകനെ കണ്ടപ്പോൾ അവർ അന്യോന്യം പറഞ്ഞു: ‘ഇതാ ഇവനാണ് ഈ തോട്ടത്തിന്റെ അവകാശി; വരൂ, നമുക്ക് ഇവനെ കൊല്ലാം, അപ്പോൾ അവകാശം നമ്മുടേതായിത്തീരും’ എന്നു പറഞ്ഞുകൊണ്ട് അവർ അവനെ പിടിച്ചു കൊന്ന് തോട്ടത്തിനു പുറത്തെറിഞ്ഞു കളഞ്ഞു. “ആ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഇനി എന്തു ചെയ്യും? അയാൾ ചെന്ന് ആ പാട്ടക്കാരെ നിഗ്രഹിക്കുകയും മുന്തിരിത്തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്യും. നിങ്ങൾ ഈ വേദഭാഗം വായിച്ചിട്ടില്ലേ? പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതു സർവേശ്വരന്റെ പ്രവൃത്തിയാണ്; നമ്മുടെ ദൃഷ്‍ടിയിൽ ഇത് എത്ര ആശ്ചര്യകരം” യെഹൂദമതനേതാക്കൾ യേശുവിനെ പിടിക്കുവാൻ ശ്രമിച്ചു. എന്തെന്നാൽ ഈ ദൃഷ്ടാന്തം തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർക്കു മനസ്സിലായി. എന്നാൽ പൊതുജനങ്ങളെ ഭയപ്പെട്ടതുകൊണ്ട് അവർ അവിടുത്തെ വിട്ടുപോയി. വാക്കുകൾകൊണ്ട് യേശുവിനെ കെണിയിൽ വീഴ്ത്തുവാൻ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവർ അവിടുത്തെ അടുക്കൽ അയച്ചു. അവർ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങൾക്കറിയാം; ഞങ്ങൾ ഒന്നു ചോദിക്കട്ടെ; കൈസർക്കു നികുതികൾ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാൻ അതൊന്നു നോക്കട്ടെ.” അവർ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതിൽ കാണുന്നത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. “ശരി, കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ആശ്ചര്യപ്പെട്ടു.
മർക്കൊസ് 12:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞു തുടങ്ങിയത്: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി മുന്തിരിച്ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു അതു പാട്ടത്തിന് കൃഷിക്കാരെ ഏല്പിച്ചിട്ട് ദൂരദേശത്തേക്കു പോയി. കാലം ആയപ്പോൾ മുന്തിരിത്തോട്ടത്തിന്‍റെ ഫലത്തിൽനിന്ന് ചിലത് കൊണ്ടുവരേണ്ടതിന് അവൻ ഒരു ദാസനെ ആ കൃഷിക്കാരുടെ അടുക്കൽ പറഞ്ഞയച്ചു. അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അപമാനിക്കുകയും ചെയ്തു. അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും അവർ അതുപോലെ തന്നെ, ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. അവനു ഇനി ഒരുവൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. “എന്റെ മകനെ അവർ ആദരിക്കും” എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു. ആ പാട്ടക്കൃഷിക്കാരോ: “ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും” എന്നു തമ്മിൽ പറഞ്ഞു. അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്ത് ചെയ്യും? അവൻ വന്നു ആ പാട്ടക്കൃഷിക്കാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിക്കും. വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു. എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലയോ? ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി. അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോടു ചോദിച്ചു. അവൻ അവരുടെ കപടം അറിഞ്ഞ്: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ” എന്നു പറഞ്ഞു. അവർ അത് കൊണ്ടുവന്നു. അവൻ “ഈ സ്വരൂപവും മേലെഴുത്തും ആരുടേത്?” എന്നു അവരോട് ചോദിച്ചതിന്: “കൈസരുടേത്” എന്നു അവർ പറഞ്ഞു. യേശു അവരോട്: “കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ” എന്നു പറഞ്ഞു. അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
മർക്കൊസ് 12:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു. അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു. ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു. അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും. “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു. ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ? ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി. അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു. അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു. അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു. യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
മർക്കൊസ് 12:1-17 സമകാലിക മലയാളവിവർത്തനം (MCV)
വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകൈയോടെ തിരികെ അയയ്ക്കുകയും ചെയ്തു. മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. അദ്ദേഹം വീണ്ടും മറ്റൊരാളെ അയച്ചു; അയാളെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും ഇതുപോലെ അദ്ദേഹം അയച്ചു; അവരിൽ ചിലരെ അവർ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. “അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു. “എന്നാൽ ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’ അങ്ങനെ അവർ അവനെ പിടിച്ചു കൊന്ന്, മുന്തിരിത്തോപ്പിന് വെളിയിൽ എറിഞ്ഞുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും. “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?” യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ അവർ ജനരോഷം ഭയപ്പെട്ട് അദ്ദേഹത്തെ വിട്ട് അവിടെനിന്നു പോയി. പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ? ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.” അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.