MARKA 12:1-17

MARKA 12:1-17 MALCLBSI

അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവൽഗോപുരം നിർമിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാൾ വിദേശത്തേക്കു പോയി. വിളവെടുപ്പിനു സമയമായപ്പോൾ മുന്തിരിത്തോട്ടത്തിൽനിന്നു തനിക്കു കിട്ടേണ്ട പാട്ടം വാങ്ങുന്നതിനായി അയാൾ ഒരു ദാസനെ പാട്ടക്കാരുടെ അടുക്കലേക്കയച്ചു. അവർ അവനെ പിടിച്ചു കണക്കിനു പ്രഹരിച്ചു വെറുംകൈയായി തിരിച്ചയച്ചു. വീണ്ടും മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു. അവർ അവന്റെ തലയ്‍ക്കു പരുക്കേല്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു. പിന്നീടു മറ്റൊരാളെക്കൂടി പറഞ്ഞയച്ചു. അവർ അവനെ കൊന്നുകളഞ്ഞു; മറ്റുപലരെയും ആ പാട്ടക്കാർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു. അവരുടെ അടുക്കൽ അയയ്‍ക്കാൻ ഇനി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രൻ. ‘എന്റെ മകനെ അവർ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാൾ തന്റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു. മകനെ കണ്ടപ്പോൾ അവർ അന്യോന്യം പറഞ്ഞു: ‘ഇതാ ഇവനാണ് ഈ തോട്ടത്തിന്റെ അവകാശി; വരൂ, നമുക്ക് ഇവനെ കൊല്ലാം, അപ്പോൾ അവകാശം നമ്മുടേതായിത്തീരും’ എന്നു പറഞ്ഞുകൊണ്ട് അവർ അവനെ പിടിച്ചു കൊന്ന് തോട്ടത്തിനു പുറത്തെറിഞ്ഞു കളഞ്ഞു. “ആ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഇനി എന്തു ചെയ്യും? അയാൾ ചെന്ന് ആ പാട്ടക്കാരെ നിഗ്രഹിക്കുകയും മുന്തിരിത്തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്യും. നിങ്ങൾ ഈ വേദഭാഗം വായിച്ചിട്ടില്ലേ? പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതു സർവേശ്വരന്റെ പ്രവൃത്തിയാണ്; നമ്മുടെ ദൃഷ്‍ടിയിൽ ഇത് എത്ര ആശ്ചര്യകരം” യെഹൂദമതനേതാക്കൾ യേശുവിനെ പിടിക്കുവാൻ ശ്രമിച്ചു. എന്തെന്നാൽ ഈ ദൃഷ്ടാന്തം തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർക്കു മനസ്സിലായി. എന്നാൽ പൊതുജനങ്ങളെ ഭയപ്പെട്ടതുകൊണ്ട് അവർ അവിടുത്തെ വിട്ടുപോയി. വാക്കുകൾകൊണ്ട് യേശുവിനെ കെണിയിൽ വീഴ്ത്തുവാൻ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവർ അവിടുത്തെ അടുക്കൽ അയച്ചു. അവർ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങൾക്കറിയാം; ഞങ്ങൾ ഒന്നു ചോദിക്കട്ടെ; കൈസർക്കു നികുതികൾ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാൻ അതൊന്നു നോക്കട്ടെ.” അവർ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതിൽ കാണുന്നത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. “ശരി, കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ആശ്ചര്യപ്പെട്ടു.

MARKA 12 വായിക്കുക