മർക്കൊസ് 10:32-52

മർക്കൊസ് 10:32-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവർക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞുതുടങ്ങി. സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്ന് അവനോട്: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. നിന്റെ മഹത്ത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ വരം നല്കേണം എന്ന് അവർ പറഞ്ഞു. യേശു അവരോട്: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന് കഴിയും എന്ന് അവർ പറഞ്ഞു. യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം. എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എൻറേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. അതു ശേഷം പത്തു പേരും കേട്ടിട്ട് യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടു തുടങ്ങി. യേശു അവരെ അടുക്കെ വിളിച്ച് അവരോട്: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെമേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്. അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. നസറായനായ യേശു എന്നു കേട്ടിട്ട് അവൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുതുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്ന് അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു. അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്ന് അവർ പറഞ്ഞു കുരുടനെ വിളിച്ചു. അവൻ തന്റെ പുതപ്പ് ഇട്ടുംകളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു. യേശു അവനോട്: ഞാൻ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു. യേശു അവനോട്: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.

മർക്കൊസ് 10:32-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ യെരൂശലേമിലേക്കു യാത്ര ചെയ്യുകയായിരുന്നു. യേശു അവരുടെ മുമ്പേ നടന്നു. ശിഷ്യന്മാർ വിസ്മയിക്കുകയും യേശുവിനെ അനുഗമിച്ചിരുന്നവർ ഭയപ്പെടുകയും ചെയ്തിരുന്നു. അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരെ അരികിൽ വിളിച്ച് തനിക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു വീണ്ടും പറഞ്ഞുതുടങ്ങി: “ഇതാ നാം യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രൻ മുഖ്യപുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ തന്നെ വധശിക്ഷയ്‍ക്കു വിധിക്കുകയും വിജാതീയരെ ഏല്പിക്കുകയും ചെയ്യും. അവർ മനുഷ്യപുത്രനെ പരിഹസിക്കുകയും തന്റെമേൽ തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.” സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വന്ന് “ഗുരോ, ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ” എന്ന് യേശുവിനോട് അപേക്ഷിച്ചു. “ഞാൻ എന്താണു നിങ്ങൾക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. അവർ പറഞ്ഞു: “മഹത്ത്വമേറിയ രാജ്യത്തിൽ അവിടുന്നു വാണരുളുമ്പോൾ ഞങ്ങളിലൊരുവൻ അങ്ങയുടെ വലത്തും അപരൻ ഇടത്തും ഇരിക്കുവാനുള്ള വരം തന്നാലും.” യേശു അവരോട്, “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു കുടിക്കുവാനും ഞാൻ ഏല്‌ക്കുന്ന സ്നാപനം ഏല്‌ക്കുവാനും നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു. “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. യേശു അവരോട് അരുൾചെയ്തു: “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാപനം നിങ്ങൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാനുള്ള വരം നല്‌കുന്നത് എന്റെ അധികാരത്തിലുള്ള കാര്യമല്ല; അത് ആർക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നുവോ അവർക്കുള്ളതായിരിക്കും.” ഇതു കേട്ടപ്പോൾ മറ്റു പത്തു ശിഷ്യന്മാർക്കും യാക്കോബിനോടും യോഹന്നാനോടും നീരസം തോന്നി. യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നു എന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല. നിങ്ങളിൽ വലിയവനാകുവാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകൻ ആകണം. നിങ്ങളിൽ പ്രമുഖൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസനാകണം. മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അസംഖ്യം ആളുകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുവാനുമാണ്.” അവർ യെരിഹോവിലെത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനാവലിയോടുംകൂടി യേശു അവിടെനിന്നു പോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. നസറായനായ യേശു വരുന്നു എന്നു കേട്ടപ്പോൾ, “യേശുവേ! ദാവീദുപുത്രാ! എന്നോടു കരുണയുണ്ടാകണമേ” എന്ന് അയാൾ ഉച്ചത്തിൽ വിളിച്ചുപറയുവാൻ തുടങ്ങി. “മിണ്ടാതിരിക്കൂ” എന്നു പറഞ്ഞുകൊണ്ട് പലരും അയാളെ ശകാരിച്ചു. അയാളാകട്ടെ, കൂടുതൽ ഉച്ചത്തിൽ “ദാവീദുപുത്രാ! എന്നോടു കനിവുതോന്നണമേ” എന്നു നിലവിളിച്ചു. യേശു അവിടെ നിന്നു: “അയാളെ വിളിക്കുക” എന്നു പറഞ്ഞു. അവർ ആ അന്ധനെ വിളിച്ച് “ധൈര്യപ്പെടുക; എഴുന്നേല്‌ക്കൂ! അവിടുന്നു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. അയാൾ മേലങ്കി വലിച്ചെറിഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു ചെന്നു. യേശു അയാളോട്: “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണു നീ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരോ, എനിക്കു വീണ്ടും കാഴ്ച കിട്ടണം” എന്ന് ആ അന്ധൻ പറഞ്ഞു. യേശു അരുൾചെയ്തു: “പോകുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” തൽക്ഷണം അയാൾ കാഴ്ചപ്രാപിച്ച് യാത്രയിൽ യേശുവിനെ അനുഗമിച്ചു.

മർക്കൊസ് 10:32-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്: “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജനതകൾക്ക് ഏല്പിക്കും. അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞുതുടങ്ങി. സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്‍റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു. “നിന്‍റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്‍റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു. യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു. യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും. എന്നാൽ എന്‍റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്‍റെതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു. അതു ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ടു, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി. യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജനതകളുടെ അധിപതികളായവർ അവരുടെ മേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു. അവർ യെരിഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരിഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ടു അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി. മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു. അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു. “ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു. അവൻ തന്‍റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്‍റെ അടുക്കൽ വന്നു. യേശു അവനോട്: “ഞാൻ നിനക്കു എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കേണം” എന്നു കുരുടൻ അവനോട് പറഞ്ഞു. യേശു അവനോട്: “പോക; നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.

മർക്കൊസ് 10:32-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ യെരൂശലേമിലേക്കു യാത്ര ചെയ്കയായിരുന്നു; യേശു അവർക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി. സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോടു: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അവർ പറഞ്ഞു. യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം. എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി. യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. *നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു. അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. നസറായനായ യേശു എന്നു കേട്ടിട്ടു അവൻ: ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു. അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്നു അവർ പറഞ്ഞു കുരുടനെ വിളിച്ചു. അവൻ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു. യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു. യേശു അവനോടു: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.

മർക്കൊസ് 10:32-52 സമകാലിക മലയാളവിവർത്തനം (MCV)

അവർ ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു അവർക്കുമുമ്പിൽ നടന്നു. ശിഷ്യന്മാർക്കു വിസ്മയവും അനുഗമിച്ചവർക്കു ഭയവും ഉണ്ടായി. അദ്ദേഹം പന്ത്രണ്ട് ശിഷ്യന്മാരെ വീണ്ടും അടുക്കൽവിളിച്ചു തനിക്കു സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവരോടു പറഞ്ഞു: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം റോമാക്കാരെ ഏൽപ്പിക്കും. അവർ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.” സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “ഗുരോ, ഞങ്ങൾ അങ്ങയോടു ചോദിക്കുന്നത് അങ്ങു ഞങ്ങൾക്കു ചെയ്തുതരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” അദ്ദേഹം ചോദിച്ചു. അതിന് അവർ മറുപടി പറഞ്ഞു: “അങ്ങയുടെ മഹത്ത്വത്തിൽ, ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ.” യേശു അവരോട്, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു. “ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു. യേശു അവരോട്, “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനവും നിങ്ങൾ സ്വീകരിക്കും; എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ ദൈവം ആർക്കുവേണ്ടിയാണോ ഒരുക്കിയിട്ടിരിക്കുന്നത്, അത് അവർക്കുള്ളതാണ്” എന്നു പറഞ്ഞു. ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി. യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം. മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.” അങ്ങനെ യാത്രചെയ്ത് അവർ യെരീഹോപട്ടണത്തിൽ എത്തി. പിന്നെ യേശുവും ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം ആ പട്ടണം വിട്ടുപോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. പലരും അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. അതുകേട്ടു യേശു നിന്നു. “ആ മനുഷ്യനെ വിളിക്കുക” എന്നു പറഞ്ഞു. അവർ അന്ധനെ വിളിച്ച് അയാളോട്, “ധൈര്യമായിരിക്കുക, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞിട്ടു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്തെത്തി. “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. അന്ധനായ ബർത്തിമായി, “എനിക്കു കാഴ്ച കിട്ടണം, റബ്ബീ,” എന്നു പറഞ്ഞു. യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു; തുടർന്നുള്ള യാത്രയിൽ അയാൾ യേശുവിനെ അനുഗമിക്കുകയും ചെയ്തു.