മർക്കൊ. 10
10
വിവാഹമോചനത്തെകുറിച്ച്
1യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു. പുരുഷാരം പിന്നെയും അവന്‍റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു.
2അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു.
3അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു.
4“ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു.
5യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. 6സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. 7അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; 8ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. 9ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു.
10അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. 11അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു. 12സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.
ദൈവരാജ്യം ശിശുക്കളെപ്പോലെയുള്ളവർക്ക്
13അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
14യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. 15ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 16പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വച്ച്, അവരെ അനുഗ്രഹിച്ചു.
സമ്പത്തുള്ളവനും ദൈവരാജ്യവും
17അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്‍റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോടു ചോദിച്ചു.
18അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. 19കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
20അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു.
21യേശു അവനെ നോക്കി അവനെ സ്നേഹിച്ചു:ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
22അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
23യേശു ചുറ്റും നോക്കി തന്‍റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! എന്നു പറഞ്ഞു. 24അവന്‍റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! 25ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
26അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
27യേശു അവരെ നോക്കി; മനുഷ്യരാൽ അസാദ്ധ്യം തന്നെ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
28പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 29അതിന് യേശു: എന്‍റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, 30ഈ ലോകത്തിൽ തന്നെ, ഉപദ്രവങ്ങളോടുംകൂടെ, നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 31എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
യേശു വീണ്ടും തന്‍റെ പുനരുത്ഥാനത്തെ കുറിച്ച് പ്രസ്താവിക്കുന്നു
32അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്: 33“ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജനതകൾക്ക് ഏല്പിക്കും. 34അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞുതുടങ്ങി.
സെബെദിമക്കളുടെ അഭ്യർത്ഥന
35സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്‍റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
36അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.
37“നിന്‍റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്‍റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
38യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു.
39യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും. 40എന്നാൽ എന്‍റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്‍റെതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു.
41അതു ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ടു, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി. 42യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജനതകളുടെ അധിപതികളായവർ അവരുടെ മേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. 43എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; 44നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. 45മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു.
ബർത്തിമായിയ്ക്ക് കാഴ്ച ലഭിക്കുന്നു
46അവർ യെരിഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരിഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. 47നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ടു അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.
48മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു.
49അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു.
“ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു. 50അവൻ തന്‍റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്‍റെ അടുക്കൽ വന്നു.
51യേശു അവനോട്: “ഞാൻ നിനക്കു എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കേണം” എന്നു കുരുടൻ അവനോട് പറഞ്ഞു.
52യേശു അവനോട്: “പോക; നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മർക്കൊ. 10: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.