അവർ ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു അവർക്കുമുമ്പിൽ നടന്നു. ശിഷ്യന്മാർക്കു വിസ്മയവും അനുഗമിച്ചവർക്കു ഭയവും ഉണ്ടായി. അദ്ദേഹം പന്ത്രണ്ട് ശിഷ്യന്മാരെ വീണ്ടും അടുക്കൽവിളിച്ചു തനിക്കു സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവരോടു പറഞ്ഞു: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം റോമാക്കാരെ ഏൽപ്പിക്കും. അവർ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “ഗുരോ, ഞങ്ങൾ അങ്ങയോടു ചോദിക്കുന്നത് അങ്ങു ഞങ്ങൾക്കു ചെയ്തുതരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
“ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” അദ്ദേഹം ചോദിച്ചു.
അതിന് അവർ മറുപടി പറഞ്ഞു: “അങ്ങയുടെ മഹത്ത്വത്തിൽ, ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ.”
യേശു അവരോട്, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു.
“ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു.
യേശു അവരോട്, “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനവും നിങ്ങൾ സ്വീകരിക്കും; എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ ദൈവം ആർക്കുവേണ്ടിയാണോ ഒരുക്കിയിട്ടിരിക്കുന്നത്, അത് അവർക്കുള്ളതാണ്” എന്നു പറഞ്ഞു.
ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി. യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ. നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം; പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം. മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
അങ്ങനെ യാത്രചെയ്ത് അവർ യെരീഹോപട്ടണത്തിൽ എത്തി. പിന്നെ യേശുവും ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം ആ പട്ടണം വിട്ടുപോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.
പലരും അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
അതുകേട്ടു യേശു നിന്നു. “ആ മനുഷ്യനെ വിളിക്കുക” എന്നു പറഞ്ഞു.
അവർ അന്ധനെ വിളിച്ച് അയാളോട്, “ധൈര്യമായിരിക്കുക, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞിട്ടു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്തെത്തി.
“ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു.
അന്ധനായ ബർത്തിമായി, “എനിക്കു കാഴ്ച കിട്ടണം, റബ്ബീ,” എന്നു പറഞ്ഞു.
യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു; തുടർന്നുള്ള യാത്രയിൽ അയാൾ യേശുവിനെ അനുഗമിക്കുകയും ചെയ്തു.