മത്തായി 9:27-38
മത്തായി 9:27-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുംകൊണ്ടു പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കർത്താവേ എന്ന് അവർ പറഞ്ഞു. അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു. പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുത് എന്ന് അമർച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ട് ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി. അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഭൂതത്തെ പുറത്താക്കിയശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് അവരുടെ പള്ളികളിൽ ഉപദേശിച്ച് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോട്: കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു യാചിപ്പിൻ എന്നു പറഞ്ഞു.
മത്തായി 9:27-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടെനിന്നു പോകുമ്പോൾ അന്ധരായ രണ്ടുപേർ യേശുവിന്റെ പിന്നാലെ ചെന്ന്, “ദാവീദിന്റെ പുത്രാ! ഞങ്ങളിൽ കനിവുണ്ടാകണമേ!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. യേശു വീട്ടിൽ പ്രവേശിച്ചപ്പോൾ ആ അന്ധന്മാർ അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങൾക്കു സൗഖ്യം നല്‌കുവാൻ എനിക്കു കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ്, പ്രഭോ!” എന്ന് അവർ പറഞ്ഞു. യേശു അവരുടെ കണ്ണുകളിൽ തൊട്ടു; “നിങ്ങളുടെ വിശ്വാസംപോലെ ഭവിക്കട്ടെ” എന്ന് അവിടുന്ന് കല്പിച്ചു. അപ്പോൾ അവർ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കർഷാപൂർവം ആജ്ഞാപിച്ചു. അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്റെ കീർത്തി പരത്തി. അവർ അവിടെനിന്നു പോകുമ്പോൾ പിശാചുബാധമൂലം ഊമനായിത്തീർന്ന ഒരു മനുഷ്യനെ ചിലർ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. ഭൂതത്തെ ഇറക്കിയപ്പോൾ ആ മൂകൻ സംസാരിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇസ്രായേലിൽ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലല്ലോ!” എന്നവർ പറഞ്ഞു. പരീശന്മാരാകട്ടെ, “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് യേശു അവയെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളിൽ ഉപദേശിക്കുകയും സ്വർഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോൾ അവിടുത്തെ മനസ്സലിഞ്ഞു. അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാർ ചുരുക്കം; അതുകൊണ്ടു കൊയ്ത്തിന്റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്‍ക്കാൻ അപേക്ഷിക്കുക” എന്ന് കല്പിച്ചു.
മത്തായി 9:27-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: “ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ“ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? എന്നു യേശു ചോദിച്ചതിന്: “അതെ, കർത്താവേ“ എന്നു അവർ പറഞ്ഞു. അവൻ അവരുടെ കണ്ണുകളിൽ തൊട്ടു:നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു. പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്നു കർശനമായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി. സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; “യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പുരുഷാരം അതിശയിച്ചു. പരീശന്മാരോ: “ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു“ എന്നു പറഞ്ഞു. യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തുപോന്നു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞ്, തന്‍റെ ശിഷ്യന്മാരോട്: കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് അടിയന്തിരമായി പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
മത്തായി 9:27-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു. അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി. അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു: കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.
മത്തായി 9:27-38 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു. യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു. “തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു. അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി. എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു. അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു. എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്നു പറഞ്ഞു. യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു. ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി. അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.