മത്തായി 9:27-38

മത്തായി 9:27-38 MALOVBSI

യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുംകൊണ്ടു പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കർത്താവേ എന്ന് അവർ പറഞ്ഞു. അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു. പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുത് എന്ന് അമർച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ട് ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി. അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഭൂതത്തെ പുറത്താക്കിയശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് അവരുടെ പള്ളികളിൽ ഉപദേശിച്ച് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു. അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോട്: കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു യാചിപ്പിൻ എന്നു പറഞ്ഞു.