MATHAIA 9

9
പക്ഷവാതരോഗിയെ സുഖപ്പെടുത്തുന്നു
(മർക്കോ. 2:1-12; ലൂക്കോ. 5:17-26)
1യേശു ഒരു വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയെത്തി സ്വന്തം പട്ടണത്തിൽ ചെന്നു. 2അപ്പോൾ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലർ അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു.
3“ഈ മനുഷ്യൻ പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാർ അപ്പോൾ സ്വയം പറഞ്ഞു.
4അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് യേശു ചോദിച്ചു: “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടവിചാരം ഉണ്ടാകുന്നത് എന്തുകൊണ്ട്? 5നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം? 6എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതാണ്.” പിന്നീട് അവിടുന്ന് പക്ഷവാതരോഗിയോട് “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോകുക” എന്നു പറഞ്ഞു.
7,8അയാൾ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവർ വാഴ്ത്തി.
മത്തായിയെ വിളിക്കുന്നു
(മർക്കോ. 2:13-17; ലൂക്കോ. 5:27-32)
9യേശു അവിടെനിന്നു യാത്ര തുടർന്നപ്പോൾ മത്തായി എന്ന ചുങ്കംപിരിവുകാരൻ തന്റെ ജോലിസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റ് അവിടുത്തെ പിന്നാലെ ചെന്നു.
10യേശു അയാളുടെ വീട്ടിൽ ചെന്നു ഭക്ഷണം കഴിക്കാനിരുന്നു. അനേകം ചുങ്കക്കാരും മതകാര്യങ്ങളിൽ നിഷ്ഠയില്ലാത്തവരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു.
11പരീശന്മാർ ഇതു കണ്ടിട്ടു ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു ഇങ്ങനെയുള്ളവരോടു കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് എന്താണ്?” എന്നു ചോദിച്ചു.
12അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. 13‘ബലിയല്ല, സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു നിങ്ങൾ പോയി പഠിക്കുക; പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ വിളിക്കുവാനാണു ഞാൻ വന്നിരിക്കുന്നത്.”
ഉപവാസത്തെപ്പറ്റി
(മർക്കോ. 2:18-22; ലൂക്കോ. 5:33-39)
14അപ്പോൾ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നുണ്ടല്ലോ. എന്നാൽ അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?”
15യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ തോഴന്മാർക്ക് ഉപവസിക്കുവാൻ സാധിക്കുമോ? എന്നാൽ മണവാളൻ അവരിൽനിന്നു മാറ്റപ്പെടുന്ന സമയംവരും. അപ്പോൾ അവർ ഉപവസിക്കും.
16“പഴയ വസ്ത്രത്തിൽ കോടിത്തുണിക്കഷണം ചേർത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താൽ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തിൽനിന്നു വലിഞ്ഞു, കീറൽ വലുതാകുകയേ ഉള്ളൂ. 17പുതിയ വീഞ്ഞു പഴയ തുകൽക്കുടത്തിൽ ആരെങ്കിലും പകർന്നു വയ്‍ക്കുമോ? അങ്ങനെ ചെയ്താൽ തുകൽക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകൽക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകൽക്കുടത്തിലാണു പകർന്നു വയ്‍ക്കുന്നത്; അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”
സൗഖ്യം നല്‌കുന്നു, ഉയിർപ്പിക്കുന്നു
(മർക്കോ. 5:21-43; ലൂക്കോ. 8:40-56)
18യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ മകൾ ഇതാ ഇപ്പോൾ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേൽ കൈകൾ വയ്‍ക്കുകയാണെങ്കിൽ അവൾ വീണ്ടും ജീവൻ പ്രാപിക്കും.”
19ഉടനെ യേശു എഴുന്നേറ്റ് അയാളുടെ കൂടെ പോയി. ശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചു.
20പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്‍ത്രീ ആ സമയത്ത് യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തിൽതൊട്ടു. 21അവിടുത്തെ വസ്ത്രത്തിൽ തൊടുകയെങ്കിലും ചെയ്താൽ തന്റെ രോഗം സുഖപ്പെടുമെന്ന് അവർ വിചാരിച്ചു.
22യേശു തിരിഞ്ഞ് ആ സ്‍ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്റെ വിശ്വാസം നിനക്കു പൂർണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ സ്‍ത്രീ സുഖം പ്രാപിക്കുകയും ചെയ്തു.
23യേശു ആ യെഹൂദപ്രമാണിയുടെ വീട്ടിലെത്തിയപ്പോൾ കുഴലൂതി വിലപിക്കുന്നവരെയും ബഹളംകൂട്ടുന്ന ജനത്തെയും കണ്ടു. 24അവിടുന്ന് അവരോട് “അവിടെനിന്നു മാറുക; ആ പെൺകുട്ടി മരിച്ചിട്ടില്ല അവൾ ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
25അവരാകട്ടെ അവിടുത്തെ പരിഹസിച്ചു. യേശു അവരെയെല്ലാം പുറത്താക്കിയ ശേഷം അകത്തു കടന്ന് ആ പെൺകുട്ടിയുടെ കൈക്കു പിടിച്ചു. ഉടനെ അവൾ എഴുന്നേറ്റു. 26ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത ആ നാട്ടിലെല്ലാം പരന്നു.
അന്ധന്മാരെ സുഖപ്പെടുത്തുന്നു
27യേശു അവിടെനിന്നു പോകുമ്പോൾ അന്ധരായ രണ്ടുപേർ യേശുവിന്റെ പിന്നാലെ ചെന്ന്, “ദാവീദിന്റെ പുത്രാ! ഞങ്ങളിൽ കനിവുണ്ടാകണമേ!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു.
28യേശു വീട്ടിൽ പ്രവേശിച്ചപ്പോൾ ആ അന്ധന്മാർ അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങൾക്കു സൗഖ്യം നല്‌കുവാൻ എനിക്കു കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു.
“ഉവ്വ്, പ്രഭോ!” എന്ന് അവർ പറഞ്ഞു.
29യേശു അവരുടെ കണ്ണുകളിൽ തൊട്ടു; “നിങ്ങളുടെ വിശ്വാസംപോലെ ഭവിക്കട്ടെ” എന്ന് അവിടുന്ന് കല്പിച്ചു. 30അപ്പോൾ അവർ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കർഷാപൂർവം ആജ്ഞാപിച്ചു. 31അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്റെ കീർത്തി പരത്തി.
പിശാചുബാധിതനായ ഊമൻ
32അവർ അവിടെനിന്നു പോകുമ്പോൾ പിശാചുബാധമൂലം ഊമനായിത്തീർന്ന ഒരു മനുഷ്യനെ ചിലർ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. 33ഭൂതത്തെ ഇറക്കിയപ്പോൾ ആ മൂകൻ സംസാരിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇസ്രായേലിൽ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലല്ലോ!” എന്നവർ പറഞ്ഞു.
34പരീശന്മാരാകട്ടെ, “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് യേശു അവയെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.
യേശുവിന്റെ മനസ്സലിയുന്നു
35യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളിൽ ഉപദേശിക്കുകയും സ്വർഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു. 36ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോൾ അവിടുത്തെ മനസ്സലിഞ്ഞു. 37അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാർ ചുരുക്കം; 38അതുകൊണ്ടു കൊയ്ത്തിന്റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്‍ക്കാൻ അപേക്ഷിക്കുക” എന്ന് കല്പിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

MATHAIA 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക