മത്തായി 27:1-14
മത്തായി 27:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുലർച്ചയ്ക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. അവനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്ന്: ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്ക് എന്ത്? നീ തന്നെ നോക്കിക്കൊൾക എന്ന് അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ്, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്ത് ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ച്, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്തു, കർത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിനുവേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തി വന്നു. എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: ഇവർ നിന്റെ നേരേ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
മത്തായി 27:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിരാവിലെ മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും യേശുവിനെ വധിക്കുവാൻ വട്ടംകൂട്ടി. അവർ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവർണറായ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. യേശുവിനെ വധശിക്ഷയ്‍ക്കു വിധിച്ചു എന്നറിഞ്ഞപ്പോൾ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീർന്നു. അയാൾ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കൽ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. “അതിനു ഞങ്ങൾക്കെന്ത്? അതു നിന്റെ കാര്യം” എന്ന് അവർ മറുപടി പറഞ്ഞു. യൂദാസ് ആ പണം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു വലിച്ചെറിഞ്ഞശേഷം അവിടെനിന്നു പോയി തൂങ്ങി മരിച്ചു. പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്റെ വിലയാണ്, ശ്രീഭണ്ഡാരത്തിൽ നിക്ഷേപിക്കുവാൻ പാടില്ല” എന്നു പറഞ്ഞു. അവർ തമ്മിൽ കൂടിയാലോചിച്ചശേഷം പരദേശികളുടെ ശ്മശാനത്തിനുവേണ്ടി ആ തുക കൊടുത്ത് കുശവന്റെ നിലം വാങ്ങി. അതുകൊണ്ട് ആ നിലം ഇന്നും ‘രക്തനിലം’ എന്ന് അറിയപ്പെടുന്നു. “ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേൽജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം അവർ കൊടുത്ത് കർത്താവ് എന്നോടു കല്പിച്ച പ്രകാരം കുശവന്റെ നിലം വാങ്ങി” എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം പ്രവചിച്ചിട്ടുള്ളത് ഇങ്ങനെ സംഭവിച്ചു. യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. “താങ്കൾ അങ്ങനെ പറയുന്നുവല്ലോ” എന്ന് യേശു മറുപടി നല്‌കി. പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും യേശു മറുപടി പറഞ്ഞില്ല. അപ്പോൾ പീലാത്തോസ് ചോദിച്ചു: “നിങ്ങൾക്കെതിരെ ഇവർ പറയുന്ന ആരോപണങ്ങളെല്ലാം കേൾക്കുന്നില്ലേ?” യേശുവാകട്ടെ, ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. അതിൽ ഗവർണർ അത്യന്തം ആശ്ചര്യപ്പെട്ടു.
മത്തായി 27:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രഭാതം ആയപ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ ഗൂഢാലോചന കഴിച്ചു, അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: “ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപംചെയ്തു“ എന്നു പറഞ്ഞു. “അത് ഞങ്ങൾക്കു എന്ത്? നീ തന്നെ നോക്കിക്കൊൾക“ എന്നു അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിലേക്ക് എറിഞ്ഞിട്ട്, വേറിട്ടു ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: “ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നത് വിഹിതമല്ല“ എന്നു പറഞ്ഞു കൂടി ആലോചിച്ചു, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്‍റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. “യിസ്രായേൽ മക്കൾ വിലമതിച്ചവൻ്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്തു. കർത്താവ് എന്നോട് നിർദ്ദേശിച്ചതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തി വന്നു. എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; “നീ യെഹൂദന്മാരുടെ രാജാവോ?“ എന്നു നാടുവാഴി ചോദിച്ചു. ഞാൻ ആകുന്നു എന്നു യേശു അവനോട് പറഞ്ഞു. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തോസ് അവനോട്: “ഇവർ നിനക്കു വിരോധമായി എന്തെല്ലാം കുറ്റാരോപണം പറയുന്നു എന്നു നീ കേൾക്കുന്നില്ലയോ?“ എന്നു ചോദിച്ചു. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
മത്തായി 27:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു, കർത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു. എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
മത്തായി 27:1-14 സമകാലിക മലയാളവിവർത്തനം (MCV)
അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്, അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി. യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്, “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു. “അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു. യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു. പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്, ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു. അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു. “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്, കർത്താവ് എന്നോടു കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു” എന്ന് യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി. ഈ സമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല. അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു. എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.