അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്, അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി. യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്, “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു. “അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു. യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു. പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്, ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു. അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു. “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്, കർത്താവ് എന്നോടു കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു” എന്ന് യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി. ഈ സമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല. അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു. എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.
മത്തായി 27 വായിക്കുക
കേൾക്കുക മത്തായി 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 27:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ