മത്തായി 27:1-14

മത്തായി 27:1-14 MALOVBSI

പുലർച്ചയ്ക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. അവനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്ന്: ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്ക് എന്ത്? നീ തന്നെ നോക്കിക്കൊൾക എന്ന് അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ്, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്ത് ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ച്, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്തു, കർത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിനുവേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തി വന്നു. എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: ഇവർ നിന്റെ നേരേ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.