മത്തായി 20:17-24

മത്തായി 20:17-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു യെരൂശലേമിലേക്കു യാത്ര ചെയ്യുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽ വച്ച് അവരോടു പറഞ്ഞത്: നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവനു മരണശിക്ഷ കല്പിച്ചു., പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേല്ക്കും. അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ച് അവനോട് ഒരു അപേക്ഷ കഴിച്ചു. നിനക്ക് എന്തു വേണം എന്ന് അവൻ അവളോടു ചോദിച്ചു. അവൾ അവനോട്: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു. അതിന് ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്ന് അവർ പറഞ്ഞു. അവൻ അവരോട്: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നത് എൻറേതല്ല; എന്റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. ശേഷം പത്തു പേർ അതു കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.

മത്തായി 20:17-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെരൂശലേമിലേക്കുള്ള യാത്രയിൽ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: “നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും. അവർ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശിൽ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.” സെബദിയുടെ പത്നി തന്റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു. “നിങ്ങൾക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവർ പറഞ്ഞു: “അങ്ങു രാജാവാകുമ്പോൾ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ അവിടുത്തെ വലത്തും അപരൻ ഇടത്തും ഇരിക്കുവാൻ കല്പിച്ചരുളണമേ.” യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ; ഞാൻ കുടിക്കുവാൻ പോകുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾക്കു കുടിക്കുവാൻ കഴിയുമോ?” “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവർ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു. ഇത് അറിഞ്ഞപ്പോൾ ശേഷമുള്ള പത്തു ശിഷ്യന്മാർക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമർഷമുണ്ടായി.

മത്തായി 20:17-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു യെരൂശലേമിലേക്ക് യാത്ര ചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ട് വഴിയിൽവെച്ചു അവരോട് പറഞ്ഞത്: കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവനു മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജനതകൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും. പിന്നീട് സെബെദിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരുമായി യേശുവിന്‍റെ അടുക്കെ വന്നു നമസ്കരിച്ചു അവനോട് ഒരു അപേക്ഷ കഴിച്ചു. നിനക്കു എന്ത് വേണം? എന്നു യേശു അവളോട് ചോദിച്ചു. അവൾ അവനോട്: “ഈ എന്‍റെ പുത്രന്മാർ ഇരുവരും നിന്‍റെ രാജ്യത്തിൽ ഒരുവൻ നിന്‍റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ കല്പിക്കണമേ“ എന്നു പറഞ്ഞു. അതിന് ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുവാനിരിക്കുന്ന പാനപാത്രം കുടിക്കുവാൻ നിങ്ങൾക്ക് കഴിയുമോ? എന്നു ചോദിച്ചു. “ഞങ്ങൾക്ക് കഴിയും“ എന്നു അവർ പറഞ്ഞു. അവൻ അവരോട്: എന്‍റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്‍റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നത് എന്‍റെതല്ല; എന്‍റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അത് അവർക്കുള്ളതാണ് എന്നു പറഞ്ഞു. ശേഷം പത്തു ശിഷ്യന്മാർ അത് കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോട് വളരെ നീരസപ്പെട്ടു.

മത്തായി 20:17-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു: നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും. അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു. നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു. അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.

മത്തായി 20:17-24 സമകാലിക മലയാളവിവർത്തനം (MCV)

യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി, “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം, പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു. പിന്നീടൊരിക്കൽ സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മ തന്റെ മക്കളുമായി യേശുവിന്റെ അടുക്കൽവന്ന് യാചനാരൂപേണ മുട്ടുകുത്തി. “എന്താണ് നിന്റെ ആഗ്രഹം?” യേശു ചോദിച്ചു. “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ,” എന്ന് അവൾ അപേക്ഷിച്ചു. അതിനുത്തരമായി, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം പാനംചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?” എന്ന് യേശു ചോദിച്ചു. “ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു. “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും, നിശ്ചയം. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അത് അവർക്കുള്ളതാണ്,” എന്ന് യേശു അവരോടു പറഞ്ഞു. ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി.