MATHAIA 20:17-24

MATHAIA 20:17-24 MALCLBSI

യെരൂശലേമിലേക്കുള്ള യാത്രയിൽ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: “നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും. അവർ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശിൽ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.” സെബദിയുടെ പത്നി തന്റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു. “നിങ്ങൾക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവർ പറഞ്ഞു: “അങ്ങു രാജാവാകുമ്പോൾ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ അവിടുത്തെ വലത്തും അപരൻ ഇടത്തും ഇരിക്കുവാൻ കല്പിച്ചരുളണമേ.” യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ; ഞാൻ കുടിക്കുവാൻ പോകുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾക്കു കുടിക്കുവാൻ കഴിയുമോ?” “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവർ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു. ഇത് അറിഞ്ഞപ്പോൾ ശേഷമുള്ള പത്തു ശിഷ്യന്മാർക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമർഷമുണ്ടായി.

MATHAIA 20 വായിക്കുക