മത്തായി 20:17-24

മത്തായി 20:17-24 MCV

യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി, “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം, പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു. പിന്നീടൊരിക്കൽ സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മ തന്റെ മക്കളുമായി യേശുവിന്റെ അടുക്കൽവന്ന് യാചനാരൂപേണ മുട്ടുകുത്തി. “എന്താണ് നിന്റെ ആഗ്രഹം?” യേശു ചോദിച്ചു. “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ,” എന്ന് അവൾ അപേക്ഷിച്ചു. അതിനുത്തരമായി, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം പാനംചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?” എന്ന് യേശു ചോദിച്ചു. “ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു. “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും, നിശ്ചയം. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അത് അവർക്കുള്ളതാണ്,” എന്ന് യേശു അവരോടു പറഞ്ഞു. ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി.