മത്തായി 12:30-42

മത്തായി 12:30-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വയ്പിൻ; ഫലംകൊണ്ടല്ലോ വൃക്ഷം അറിയുന്നത്. സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർനിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തു കാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനായിലും വലിയവൻ. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

മത്തായി 12:30-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“എന്റെ പക്ഷത്തു നില്‌ക്കാത്തവൻ എനിക്കെതിരാണ്. ശേഖരിക്കുന്നതിൽ എന്നെ സഹായിക്കാത്തവൻ ചിതറിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാൽ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല. “വൃക്ഷം നല്ലതെങ്കിൽ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കിൽ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്. സർപ്പസന്തതികളേ! നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്. സജ്ജനങ്ങൾ തങ്ങളുടെ നന്മയുടെ നിക്ഷേപത്തിൽനിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുർജനങ്ങൾ തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തിൽനിന്ന് അധമമായവ പുറപ്പെടുവിക്കുന്നു. “മനുഷ്യർ പറയുന്ന ഓരോ വ്യർഥവാക്കിനും ന്യായവിധിനാളിൽ സമാധാനം പറയേണ്ടതായി വരുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ വാക്കുകൾ കൊണ്ടാണു നിങ്ങൾക്കു കുറ്റമില്ലെന്നു സ്ഥാപിക്കുകയോ നിങ്ങൾ കുറ്റക്കാരെന്നു വിധിക്കപ്പെടുകയോ ചെയ്യുന്നത്.” അപ്പോൾ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാൽ കൊള്ളാം” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല. യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗർഭത്തിലായിരിക്കും. നിനെവേയിലെ ജനങ്ങൾ ന്യായവിധിനാളിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാൽ നിനെവേക്കാർ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാൾ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്. ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കാൻ അവർ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാൾ വലിയവൻ ഇവിടെയുണ്ട്.

മത്തായി 12:30-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല. ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്ക്കുവിൻ; അല്ലെങ്കിൽ വൃക്ഷം ഗുണമല്ല, ഫലവും ഗുണകരമല്ല എന്നു വയ്ക്കുവിൻ; ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നത്. സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലത് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. നല്ലമനുഷ്യൻ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്‍റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു. എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്‍റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: “ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു“ എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകൻ്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല. യോനാ വലിയ മത്സ്യത്തിന്‍റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്‍റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

മത്തായി 12:30-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു. സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

മത്തായി 12:30-42 സമകാലിക മലയാളവിവർത്തനം (MCV)

“എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല. “ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്. അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്. നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.” അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും. ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.