മത്തായി 12
12
1ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽക്കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് കതിർ പറിച്ച് തിന്നുതുടങ്ങി. 2പരീശർ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. 3അവൻ അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്? 4അവൻ ദൈവാലയത്തിൽ ചെന്ന് പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? 5അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? 6എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. 7യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. 8മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു.
9അവൻ അവിടം വിട്ട് അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. 10അവർ അവനിൽ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ എന്ന് അവനോടു ചോദിച്ചു. 11അവൻ അവരോട്: നിങ്ങളിൽ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? 12എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു. 13പിന്നെ ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. 14പരീശന്മാരോ പുറപ്പെട്ട് അവനെ നശിപ്പിപ്പാൻവേണ്ടി അവനു വിരോധമായി തമ്മിൽ ആലോചിച്ചു. 15യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, 16തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോട് ആജ്ഞാപിച്ചു.
17“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വയ്ക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. 18അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. 19ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. 20അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കും”
21എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതി വന്നു.
22അനന്തരം ചിലർ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. 23പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു. 24അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. 25അവൻ അവരുടെ നിരൂപണം അറിഞ്ഞ് അവരോടു പറഞ്ഞത്: ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; 26ഒരു പട്ടണമോ ഗൃഹമോ തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? 27ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. 28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. 29ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. 30എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. 31അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല. 32ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. 33ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വയ്പിൻ; ഫലംകൊണ്ടല്ലോ വൃക്ഷം അറിയുന്നത്. 34സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. 35നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർനിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. 36എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
38അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തു കാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. 39അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല. 40യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. 41നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനായിലും വലിയവൻ. 42തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. 43അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽക്കൂടി തണുപ്പ് അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. 44ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. 45പിന്നെ അവൻ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറേ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.
46അവൻ പുരുഷാരത്തോടു സംസാരിച്ചുകൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. 47ഒരുത്തൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. 48അതു പറഞ്ഞവനോട് അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു. 49ശിഷ്യന്മാരുടെ നേരേ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. 50സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മത്തായി 12: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.