മത്തായി 12:1-21

മത്തായി 12:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽക്കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് കതിർ പറിച്ച് തിന്നുതുടങ്ങി. പരീശർ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്? അവൻ ദൈവാലയത്തിൽ ചെന്ന് പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു. അവൻ അവിടം വിട്ട് അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ എന്ന് അവനോടു ചോദിച്ചു. അവൻ അവരോട്: നിങ്ങളിൽ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു. പിന്നെ ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. പരീശന്മാരോ പുറപ്പെട്ട് അവനെ നശിപ്പിപ്പാൻവേണ്ടി അവനു വിരോധമായി തമ്മിൽ ആലോചിച്ചു. യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോട് ആജ്ഞാപിച്ചു. “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വയ്ക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതി വന്നു.

മത്തായി 12:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവിടുത്തെ ശിഷ്യന്മാർക്കു വിശന്നു. അവർ കതിർ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാർ ശബത്തിൽ ചെയ്തുകൂടാത്തതു ചെയ്യുന്നു.” അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദേവാലയത്തിൽ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാർക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ ഭക്ഷിക്കുവാൻ പാടില്ലാത്തതായിരുന്നല്ലോ അത്. മാത്രമല്ല ശബത്തു ദിവസങ്ങളിൽ ദേവാലയത്തിൽവച്ചു പുരോഹിതന്മാർ ശബത്തു ലംഘിക്കുന്നു എങ്കിലും അവർ കുറ്റക്കാരല്ലെന്നു ധർമശാസ്ത്രത്തിൽ പറയുന്നത് നിങ്ങൾ വായിച്ചിട്ടില്ലേ? ഞാൻ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാൾ വലിയവൻ ഇവിടെയുണ്ട്; യാഗമല്ല കാരുണ്യമാണു ഞാൻ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്റെ അർഥം നിങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ നിർദോഷികളെ കുറ്റവാളികളെന്നു നിങ്ങൾ വിധിക്കുകയില്ലായിരുന്നു. എന്നാൽ മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണ്.” അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തിൽ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവർ ചോദിച്ചു. യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് കുഴിയിൽ വീണു എന്നിരിക്കട്ടെ; നിങ്ങൾ അതിനെ കരയ്‍ക്കു കയറ്റാതിരിക്കുമോ? മനുഷ്യൻ ആടിനെക്കാൾ എത്രയോ വിലയുള്ളവനാണ്! അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്. പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി. യേശു ഇതറിഞ്ഞ് അവിടം വിട്ടുപോയി. ധാരാളം ആളുകൾ അവിടുത്തെ അനുഗമിച്ചു. അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി. തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. അങ്ങനെ യെശയ്യാ മുഖാന്തരം അരുളിച്ചെയ്തത് പൂർത്തിയായി. അദ്ദേഹം പ്രവചിച്ചത് ഇങ്ങനെയാണ്: “ഇതാ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ അന്തരംഗം പ്രസാദിച്ച എന്റെ പ്രിയങ്കരൻ. എന്റെ ആത്മാവിനെ ഞാൻ അവന്റെമേൽ ആവസിപ്പിക്കും; എന്റെ ന്യായവിധി അവൻ സർവജനതകളോടും പ്രഖ്യാപനം ചെയ്യും. അവൻ വാദകോലാഹലത്തിലേർപ്പെടുകയില്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയുമില്ല. നീതിനിർവഹണം വിജയത്തിലെത്തിക്കുന്നതുവരെ ചതഞ്ഞ ഓടക്കമ്പ് അവൻ ഒടിക്കുകയില്ല; മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല. അവന്റെ നാമത്തിലായിരിക്കും സകല ജനതകളുടെയും പ്രത്യാശ.”

മത്തായി 12:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്‍റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിൻ്റെ കതിർ പറിച്ചു തിന്നുതുടങ്ങി പരീശന്മാർ അത് കണ്ടിട്ട്: “നോക്കൂ, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്‍റെ ശിഷ്യന്മാർ ചെയ്യുന്നു“ എന്നു യേശുവിനോടു പറഞ്ഞു. എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു. അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ? എന്നു അവനോട് ചോദിച്ചു. അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നെ എന്നു പറഞ്ഞു. പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൌഖ്യമായി. പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്നു അന്വേഷിച്ച് അവനു വിരോധമായി ഉപായം ചമച്ചു. യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്‍റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു. “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്‍റെ ദാസൻ, എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ പ്രിയൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വെയ്ക്കും; അവൻ ജനതകൾക്ക് ന്യായവിധി അറിയിക്കും. അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്‍റെ ശബ്ദം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്‍റെ നാമത്തിൽ ജനതകൾ പ്രത്യാശവെയ്ക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.

മത്തായി 12:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു. അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു. പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു. യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു. “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു.

മത്തായി 12:1-21 സമകാലിക മലയാളവിവർത്തനം (MCV)

അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി. പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു. അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു. ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ? എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ. ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു. കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.” ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ? ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു. അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി. അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി. ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി. താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി. ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു: “ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ; ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ. ഞാൻ എന്റെ ആത്മാവിനെ അവന് നൽകും. അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും; അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും. അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”