ലൂക്കൊസ് 7:31-50

ലൂക്കൊസ് 7:31-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഈ തലമുറയിലെ മനുഷ്യരെ ഏതിനോട് ഉപമിക്കേണ്ടൂ? അവർ ഏതിനോടു തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ. യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ട് വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി. അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്ന് ഉള്ളിൽ പറഞ്ഞു. ശിമോനേ, നിന്നോട് ഒന്നു പറവാനുണ്ട് എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്ന് അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചത് ശരി എന്നു പറഞ്ഞു. സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ചു തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ട് എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 7:31-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു തുടർന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? ആർക്കു തുല്യരാണവർ? ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി; നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി; നിങ്ങൾ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികൾക്ക് തുല്യരാണവർ. “സ്നാപകയോഹന്നാൻ ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങൾ പറയുന്നു; മനുഷ്യപുത്രൻ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യൻ! ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതൻ!’ എന്നു നിങ്ങൾ പറയുന്നു. ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.” ഒരിക്കൽ ഒരു പരീശൻ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. ആ പട്ടണത്തിൽ പാപിനിയായ ഒരു സ്‍ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്റെ ഭവനത്തിൽ ഉണ്ടെന്നറിഞ്ഞ് അവൾ ഒരു വെൺകല്പാത്രത്തിൽ പരിമളതൈലവുമായി എത്തി. അവൾ യേശുവിന്റെ പിറകിൽ അവിടുത്തെ കാല്‌ക്കൽ കരഞ്ഞുകൊണ്ടുനിന്നു. തന്റെ കണ്ണുനീർകൊണ്ട് അവൾ അവിടുത്തെ പാദങ്ങൾ നനയ്‍ക്കുവാൻ തുടങ്ങി. അവൾ തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങൾ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു. ഇതുകണ്ട് ആതിഥേയനായ പരീശൻ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ, തന്നെ സ്പർശിച്ച ഈ സ്‍ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയാണല്ലോ.” യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.” “ഗുരോ, പറഞ്ഞാലും” എന്ന് അയാൾ പറഞ്ഞു. യേശു അരുൾചെയ്തു: “പണം കടം കൊടുക്കുന്ന ഒരാൾക്കു രണ്ടുപേർ കടപ്പെട്ടിരുന്നു; ഒരാൾ അഞ്ഞൂറു ദിനാറും മറ്റെയാൾ അമ്പതു ദിനാറുമായിരുന്നു അയാൾക്കു കൊടുക്കാനുണ്ടായിരുന്നത്. കടം വീട്ടാൻ കഴിവില്ലായ്കയാൽ രണ്ടുപേർക്കും ആ തുകകൾ അയാൾ ഇളച്ചുകൊടുത്തു; ഇവരിൽ ആരാണ് അയാളെ അധികം സ്നേഹിക്കുക?” “കൂടുതൽ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോൻ പറഞ്ഞു. “അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കൾ കാണുന്നുണ്ടല്ലോ. ഞാൻ നിങ്ങളുടെ ഭവനത്തിൽ വന്നു; നിങ്ങൾ എനിക്കു കാലു കഴുകുവാൻ വെള്ളം തന്നില്ല; ഇവളാകട്ടെ തന്റെ കണ്ണുനീരുകൊണ്ട് എന്റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു. നിങ്ങൾ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോൾ മുതൽ എന്റെ പാദങ്ങളിൽ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ പരിമളതൈലം പൂശി. അതുകൊണ്ടു ഞാൻ പറയുന്നു: ഇവൾ കൂടുതൽ സ്നേഹിച്ചതിനാൽ ഇവളുടെ എണ്ണമറ്റ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവൻ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്‍ത്രീയോട്: “നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുൾ ചെയ്തു. യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവർ: “പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആര്?” എന്നു തമ്മിൽ പറഞ്ഞു തുടങ്ങി. യേശു ആ സ്‍ത്രീയോട്: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു.

ലൂക്കൊസ് 7:31-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ. യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവനു ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്‍റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശൻ്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശൻ്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ അവന്‍റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്‍റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി. അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ”ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ” എന്നു ഉള്ളിൽ പറഞ്ഞു യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ”ഗുരോ, പറഞ്ഞാലും” എന്നു അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു. കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? ”അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു” എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു. സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്‍റെ വീട്ടിൽ വന്നു, നീ എന്‍റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്‍റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ചു. നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്‍റെ കാൽ ചുംബിച്ചു. നീ എന്‍റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്‍റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: ”പാപമോചനവും കൊടുക്കുന്ന ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോട്: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 7:31-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ. യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി. അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു:നീ വിധിച്ചതു ശരി എന്നു പറഞ്ഞു. സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോടു:നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോടു:നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 7:31-50 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ യേശു പറഞ്ഞത്: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? അവർ എന്തിനോടു സദൃശർ? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലത്തിരുന്ന് പരസ്പരം വിളിച്ചുപറഞ്ഞു പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്നു നിങ്ങൾ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു” എന്നു പറയുന്നു. പരീശന്മാരിൽ ഒരാൾ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ചു. അദ്ദേഹം പരീശന്റെ ഭവനത്തിൽ ചെന്നു വിരുന്നിനിരുന്നു. ആ പട്ടണത്തിൽ പാപജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ—യേശു പരീശന്റെ ഭവനത്തിൽ അതിഥിയായി വന്നിരിക്കുന്നു എന്നറിഞ്ഞ് ഒരു വെൺകൽഭരണി സുഗന്ധതൈലം കൊണ്ടുവന്ന്— അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു. യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതുതരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു. യേശു ആ പരീശനോട്, “ശിമോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്” എന്നു പറഞ്ഞു. “ഗുരോ, പറഞ്ഞാലും,” അയാൾ പ്രതിവചിച്ചു. “പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അൻപത് ദിനാറുമാണ് തിരികെ കൊടുക്കേണ്ടിയിരുന്നത്. തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?” “കൂടുതൽ കടം ക്ഷമിച്ചുകിട്ടിയവൻ,” ശിമോൻ ഉത്തരം പറഞ്ഞു. “ശരിയാണ് നിന്റെ വിലയിരുത്തൽ,” യേശു പ്രതിവചിച്ചു. പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.” പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി. യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.