ലൂക്കോസ് 7:31-50

ലൂക്കോസ് 7:31-50 MCV

അപ്പോൾ യേശു പറഞ്ഞത്: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? അവർ എന്തിനോടു സദൃശർ? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലത്തിരുന്ന് പരസ്പരം വിളിച്ചുപറഞ്ഞു പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്നു നിങ്ങൾ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു” എന്നു പറയുന്നു. പരീശന്മാരിൽ ഒരാൾ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ചു. അദ്ദേഹം പരീശന്റെ ഭവനത്തിൽ ചെന്നു വിരുന്നിനിരുന്നു. ആ പട്ടണത്തിൽ പാപജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ—യേശു പരീശന്റെ ഭവനത്തിൽ അതിഥിയായി വന്നിരിക്കുന്നു എന്നറിഞ്ഞ് ഒരു വെൺകൽഭരണി സുഗന്ധതൈലം കൊണ്ടുവന്ന്— അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു. യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതുതരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു. യേശു ആ പരീശനോട്, “ശിമോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്” എന്നു പറഞ്ഞു. “ഗുരോ, പറഞ്ഞാലും,” അയാൾ പ്രതിവചിച്ചു. “പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അൻപത് ദിനാറുമാണ് തിരികെ കൊടുക്കേണ്ടിയിരുന്നത്. തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?” “കൂടുതൽ കടം ക്ഷമിച്ചുകിട്ടിയവൻ,” ശിമോൻ ഉത്തരം പറഞ്ഞു. “ശരിയാണ് നിന്റെ വിലയിരുത്തൽ,” യേശു പ്രതിവചിച്ചു. പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.” പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി. യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.