ലൂക്കൊ. 7:31-50

ലൂക്കൊ. 7:31-50 IRVMAL

ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ. യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവനു ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്‍റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശൻ്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശൻ്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ അവന്‍റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്‍റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി. അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ”ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ” എന്നു ഉള്ളിൽ പറഞ്ഞു യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ”ഗുരോ, പറഞ്ഞാലും” എന്നു അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു. കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? ”അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു” എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു. സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്‍റെ വീട്ടിൽ വന്നു, നീ എന്‍റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്‍റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ചു. നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്‍റെ കാൽ ചുംബിച്ചു. നീ എന്‍റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്‍റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: ”പാപമോചനവും കൊടുക്കുന്ന ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോട്: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.