ലൂക്കൊസ് 5:1-16

ലൂക്കൊസ് 5:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ രണ്ടു പടക് കരയ്ക്ക് അടുത്തു നില്ക്കുന്നത് അവൻ കണ്ടു; അവയിൽനിന്ന് മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ അവൻ കയറി കരയിൽനിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റേ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്ക് ഉണ്ടായ മീൻപിടിത്തത്തിൽ അവനും അവനോടുകൂടെയുള്ളവർക്ക് എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണംതന്നെ. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു. അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞൊരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അവനോട് അപേക്ഷിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി. അവൻ അവനോട്: ഇത് ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, അവർക്കു സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്ന് അവനോട് കല്പിച്ചു. എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു. അവനോ നിർജനദേശത്തു വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു.

ലൂക്കൊസ് 5:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്റെ തീരത്തു നില്‌ക്കുകയായിരുന്നു. ജനം ദൈവവചനം കേൾക്കുവാൻ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി. അപ്പോൾ രണ്ടു വഞ്ചി കരയ്‍ക്കടുത്തുകിടക്കുന്നത് യേശു കണ്ടു. മീൻപിടിത്തക്കാർ ആ വഞ്ചികളിൽ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ഒരു വഞ്ചി ശിമോൻറേതായിരുന്നു. യേശു അതിൽ കയറിയശേഷം കരയ്‍ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാൻ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു. അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാൻ യേശു ശിമോനോടു പറഞ്ഞു. “ഗുരോ, രാത്രി മുഴുവൻ ഞങ്ങൾ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാൻ വലയിറക്കാം” എന്നു ശിമോൻ പറഞ്ഞു. അവർ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീൻകൂട്ടം അതിലകപ്പെട്ടു. അവർ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവർ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീൻ നിറച്ചു. ശിമോൻ പത്രോസ് ഇതു കണ്ട് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണ്: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു. അന്നത്തെ മീൻപിടിത്തത്തിൽ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. അവർ വഞ്ചികൾ കരയ്‍ക്കടുപ്പിച്ചശേഷം സർവസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു. ഒരു ദിവസം യേശു ഒരു പട്ടണത്തിൽ ചെന്നപ്പോൾ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാൾ അവിടുത്തെ അടുക്കൽ വന്നു. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ കഴിയും” എന്നു പറഞ്ഞു. അപ്പോൾ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ടു പറഞ്ഞു: “എനിക്കു മനസ്സുണ്ട്, നീ സുഖം പ്രാപിക്കുക.” തൽക്ഷണം കുഷ്ഠരോഗം ആ മനുഷ്യനെ വിട്ടുമാറി. “ഇക്കാര്യം ആരോടും പറയരുത്; എന്നാൽ പുരോഹിതന്റെ അടുക്കൽ ചെന്നു നിന്നെത്തന്നെ കാണിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനായി മോശ കല്പിച്ചിട്ടുള്ളപ്രകാരം ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്കുക” എന്ന് അവിടുന്ന് നിഷ്കർഷിച്ചു. എങ്കിലും യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത നാട്ടിലെങ്ങും പരന്നു. അവിടുത്തെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനും വലിയ ജനസഞ്ചയങ്ങൾ വന്നുകൊണ്ടിരുന്നു. അവിടുന്നാകട്ടെ പ്രാർഥിക്കുവാൻ വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു.

ലൂക്കൊസ് 5:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്‍റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്‍റെ ചുറ്റും കൂടി. രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻ പിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു. അതിൽ ശിമോന്‍റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന് ശിമോൻ: “ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം“ എന്നു ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി. അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു. ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്‍റെ കാല്ക്കൽ മുട്ടുകുത്തി: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ“ എന്നു പറഞ്ഞു. അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു. അതുപോലെ ശിമോന്‍റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും“ എന്നു അവനോട് അപേക്ഷിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു. എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൗഖ്യം കിട്ടേണ്ടതിനും അവന്‍റെ അടുക്കൽ വന്നു. അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ലൂക്കൊസ് 5:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു. ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു:ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി. അവൻ അവനോടു:ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു. എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു. അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ലൂക്കൊസ് 5:1-16 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു. അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു. യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു. അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി. അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു. ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു. ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു; സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു. യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു. അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു. എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു. എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.