ലൂക്കോസ് 5:1-16

ലൂക്കോസ് 5:1-16 MCV

ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു. അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു. യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു. അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി. അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു. ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു. ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു; സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു. യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു. അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു. എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു. എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.