ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്‍റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്‍റെ ചുറ്റും കൂടി. രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻ പിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു. അതിൽ ശിമോന്‍റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന് ശിമോൻ: “ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം“ എന്നു ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി. അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു. ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്‍റെ കാല്ക്കൽ മുട്ടുകുത്തി: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ“ എന്നു പറഞ്ഞു. അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു. അതുപോലെ ശിമോന്‍റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും“ എന്നു അവനോട് അപേക്ഷിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു. എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൗഖ്യം കിട്ടേണ്ടതിനും അവന്‍റെ അടുക്കൽ വന്നു. അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ലൂക്കൊ. 5 വായിക്കുക
കേൾക്കുക ലൂക്കൊ. 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 5:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ