ലൂക്കൊസ് 19:28-48

ലൂക്കൊസ് 19:28-48 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതു പറഞ്ഞിട്ട് അവൻ മുമ്പായി നടന്നുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. അവൻ ഒലിവുമലയരികെ ബേത്ത്ഫാഗയ്ക്കും ബേഥാന്യക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു. അയയ്ക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചതിന്: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവർ പറഞ്ഞു. അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: എന്റെ ആലയം പ്രാർഥനാലയം ആകും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്ന് അവരോടു പറഞ്ഞു. അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടൂ എന്ന് അവർ അറിഞ്ഞില്ല.

ലൂക്കൊസ് 19:28-48 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുൻപേ നടന്നു. ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: ‘മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.” അവർ ചെന്നപ്പോൾ അവിടുന്നു പറഞ്ഞതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്റെ ഉടമസ്ഥൻ കണ്ടപ്പോൾ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. അവർ അതിനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്റെ പുറത്തു കയറ്റി ഇരുത്തി. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോൾ ജനങ്ങൾ തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോൾ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങൾ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികൾ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തിൽ ദൈവത്തെ വാഴ്ത്തിപ്പാടി: “ദൈവത്തിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ! സ്വർഗത്തിൽ സമാധാനം! അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം!” ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാർ “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു. “അവർ നിശ്ശബ്ദരായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു. യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഇപ്പോഴെങ്കിലും സമാധാനത്തിന്റെ മാർഗം നീ അറിഞ്ഞിരുന്നു എങ്കിൽ! പക്ഷേ, അത് ഇപ്പോൾ നിന്റെ കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു. ദൈവം നിന്നെ രക്ഷിക്കുവാൻ വന്നുചേർന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കൾ നിന്റെ ചുറ്റും മൺകോട്ട നിർമിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളിൽനിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.” യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി. “എന്റെ ഭവനം പ്രാർഥനാലയം ആയിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു; നിങ്ങളാകട്ടെ അതിനെ കൊള്ളക്കാരുടെ താവളം ആക്കിത്തീർത്തിരിക്കുന്നു” എന്ന് അവരോടു പറഞ്ഞു. അവിടുന്നു ദിവസംതോറും ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാൽ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവർ കണ്ടെത്തിയില്ല.

ലൂക്കൊസ് 19:28-48 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു. അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നത് എന്തിന്? എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു. യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്‍റെ ഉടമസ്ഥൻ: ”കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. അതിന്: ”കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു അവർ പറഞ്ഞു. അതിനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്‍റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ”ഗുരോ, നിന്‍റെ ശിഷ്യന്മാരെ ശാസിക്കുക” എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ യെരൂശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ടു അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു: ഈ ദിവസമെങ്കിലും നിനക്കു സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്‍റെ കണ്ണിന് മറഞ്ഞിരിക്കുന്നു. നിന്‍റെ സന്ദർശനകാലം നിനക്കു അറിയില്ല. അതുകൊണ്ട് നിന്‍റെ ശത്രുക്കൾ നിനക്കു ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാലു വശത്ത് നിന്നും ഞെരുക്കി, നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി: എന്‍റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്നു അവരോട് പറഞ്ഞു. അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി. എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്‍റെ വചനം കേട്ടു കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

ലൂക്കൊസ് 19:28-48 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു. അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു. അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു: കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു. അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന്നു അവൻ:ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്നു അവരോടു പറഞ്ഞു. അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.

ലൂക്കൊസ് 19:28-48 സമകാലിക മലയാളവിവർത്തനം (MCV)

ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ, ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അതിൽ പ്രവേശിക്കുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. അതിനെ അഴിക്കുന്നതെന്തിന് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്ന് അയാളോട് മറുപടി പറയുക.” അയയ്ക്കപ്പെട്ടവർ പോയി, തങ്ങളോടു പറഞ്ഞിരുന്നതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ, “നിങ്ങൾ ഈ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. “കർത്താവിന് ഇതിനെ ആവശ്യമുണ്ട്,” അവർ മറുപടി പറഞ്ഞു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെമേൽ വിരിച്ച് യേശുവിനെ ഇരുത്തി. അദ്ദേഹം പോകുമ്പോൾ ജനങ്ങൾ തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്: “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ! “സ്വർഗത്തിൽ സമാധാനം; സ്വർഗോന്നതങ്ങളിൽ മഹത്ത്വം” എന്ന് അത്യുച്ചത്തിൽ ആർത്തു. ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില പരീശന്മാർ യേശുവിനോട്, “ഗുരോ, അങ്ങയുടെ ശിഷ്യന്മാരെ ശാസിക്കുക!” എന്നു പറഞ്ഞു. “അവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും,” യേശു പ്രതിവചിച്ചു. യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു. നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു. അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.” പിന്നെ അദ്ദേഹം ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. അദ്ദേഹം അവരോടു പറഞ്ഞു: “ ‘എന്റെ ആലയം പ്രാർഥനാലയം ആയിരിക്കും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.” ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി. ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.