ലൂക്കോസ് 19:28-48

ലൂക്കോസ് 19:28-48 MCV

ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ, ഇങ്ങനെ പറഞ്ഞയച്ചു: “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അതിൽ പ്രവേശിക്കുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. അതിനെ അഴിക്കുന്നതെന്തിന് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്ന് അയാളോട് മറുപടി പറയുക.” അയയ്ക്കപ്പെട്ടവർ പോയി, തങ്ങളോടു പറഞ്ഞിരുന്നതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ, “നിങ്ങൾ ഈ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. “കർത്താവിന് ഇതിനെ ആവശ്യമുണ്ട്,” അവർ മറുപടി പറഞ്ഞു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെമേൽ വിരിച്ച് യേശുവിനെ ഇരുത്തി. അദ്ദേഹം പോകുമ്പോൾ ജനങ്ങൾ തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്: “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ! “സ്വർഗത്തിൽ സമാധാനം; സ്വർഗോന്നതങ്ങളിൽ മഹത്ത്വം” എന്ന് അത്യുച്ചത്തിൽ ആർത്തു. ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില പരീശന്മാർ യേശുവിനോട്, “ഗുരോ, അങ്ങയുടെ ശിഷ്യന്മാരെ ശാസിക്കുക!” എന്നു പറഞ്ഞു. “അവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും,” യേശു പ്രതിവചിച്ചു. യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു. നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു. അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.” പിന്നെ അദ്ദേഹം ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. അദ്ദേഹം അവരോടു പറഞ്ഞു: “ ‘എന്റെ ആലയം പ്രാർഥനാലയം ആയിരിക്കും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.” ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി. ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.