LUKA 19

19
യേശുവും സഖായിയും
1യേശു യെരിഹോവിൽ പ്രവേശിച്ചു യാത്ര തുടർന്നു. 2അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരിൽ പ്രധാനിയും ധനികനുമായിരുന്നു സഖായി. 3യേശു ആരാണെന്നു കാണാൻ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാൽ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാൻ കഴിഞ്ഞില്ല. 4അതുകൊണ്ട് അവിടുത്തെ കാണാൻ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തിൽ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്. 5അവിടെയെത്തിയപ്പോൾ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാർക്കേണ്ടത്” എന്നു പറഞ്ഞു.
6സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂർവം സ്വീകരിച്ചു. 7ഇതു കണ്ടപ്പോൾ പാപിയായ ഒരു മനുഷ്യന്റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു.
8സഖായി എഴുന്നേറ്റു നിന്ന് കർത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്റെ സമ്പാദ്യത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുവാൻ പോകുന്നു. ആരിൽനിന്നെങ്കിലും എന്തെങ്കിലും ഞാൻ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലുമടങ്ങു തിരിച്ചുകൊടുക്കും.”
9യേശു അരുൾചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്റെ വംശജനാണല്ലോ. 10നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രൻ വന്നത്.”
സ്വർണനാണയങ്ങളുടെ ദൃഷ്ടാന്ത കഥ
(മത്താ. 25:14-30)
11അവർ യേശുവിന്റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവർ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു: 12“രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി. 13പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വർണനാണയം കൊടുത്തശേഷം ‘ഞാൻ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങൾ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. 14ആ നാട്ടിലെ പൗരജനങ്ങൾ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാൻ ഈ മനുഷ്യൻ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവർ അദ്ദേഹത്തിന്റെ പിന്നാലെ അയച്ചു.
15“രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താൻ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാൻ അദ്ദേഹം ആജ്ഞാപിച്ചു. 16ആദ്യത്തെ ആൾ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വർണനാണയംകൊണ്ട് ഞാൻ പത്തുകൂടി നേടിയിരിക്കുന്നു.’ 17അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു. 18രണ്ടാമൻ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. 19‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു.
20“മൂന്നാമത്തവൻ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയിൽ പൊതിഞ്ഞ് ഞാൻ ഭദ്രമായി സൂക്ഷിച്ചിരുന്നു. 21അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’ 22രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്റെ വാക്കുകളാൽത്തന്നെ നിന്നെ ഞാൻ വിധിക്കുന്നു. ഞാൻ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല? 23ഏല്പിച്ചിരുന്നെങ്കിൽ ഞാൻ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ.
24“പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്റെ പക്കൽനിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’ 25‘പ്രഭോ, അയാൾക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവർ പറഞ്ഞു. 26‘ഞാൻ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും.’
27“എന്റെ ഭരണം ഇഷ്ടപ്പെടാത്ത എന്റെ ശത്രുക്കളെ കൊണ്ടുവന്ന് എന്റെ മുമ്പിൽ വച്ചുതന്നെ വധിക്കുക.”
യെരൂശലേമിലേക്കുള്ള ജൈത്രയാത്ര
(മത്താ. 21:1-11; മർക്കോ. 11:1-11; യോഹ. 12:12-19)
28“ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുൻപേ നടന്നു. 29ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: 30‘മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. 31അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.”
32അവർ ചെന്നപ്പോൾ അവിടുന്നു പറഞ്ഞതുപോലെ കണ്ടു. 33അവർ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്റെ ഉടമസ്ഥൻ കണ്ടപ്പോൾ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു.
34“ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. 35അവർ അതിനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്റെ പുറത്തു കയറ്റി ഇരുത്തി. 36അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോൾ ജനങ്ങൾ തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു.
37ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോൾ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങൾ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികൾ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തിൽ ദൈവത്തെ വാഴ്ത്തിപ്പാടി: 38“ദൈവത്തിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ! സ്വർഗത്തിൽ സമാധാനം! അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം!”
39ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാർ “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു.
40“അവർ നിശ്ശബ്ദരായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു.
യെരൂശലേമിനെച്ചൊല്ലി വിലപിക്കുന്നു
41യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 42“ഇപ്പോഴെങ്കിലും സമാധാനത്തിന്റെ മാർഗം നീ അറിഞ്ഞിരുന്നു എങ്കിൽ! പക്ഷേ, അത് ഇപ്പോൾ നിന്റെ കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു. 43-44ദൈവം നിന്നെ രക്ഷിക്കുവാൻ വന്നുചേർന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കൾ നിന്റെ ചുറ്റും മൺകോട്ട നിർമിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളിൽനിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.”
ദേവാലയം ശുദ്ധീകരിക്കുന്നു
(മത്താ. 21:12-17; മർക്കോ. 11:15-19; യോഹ. 2:13-22)
45യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി. 46“എന്റെ ഭവനം പ്രാർഥനാലയം ആയിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു; നിങ്ങളാകട്ടെ അതിനെ കൊള്ളക്കാരുടെ താവളം ആക്കിത്തീർത്തിരിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
47അവിടുന്നു ദിവസംതോറും ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു. 48പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാൽ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവർ കണ്ടെത്തിയില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LUKA 19: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക