ലൂക്കൊസ് 13:22-35

ലൂക്കൊസ് 13:22-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു. അപ്പോൾ ഒരുത്തൻ അവനോട്: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന് അവനോടു പറഞ്ഞത്: ഇടുക്കുവാതിലിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെനിന്ന് എന്ന് ഞാൻ അറിയുന്നില്ല, എന്ന് അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറഞ്ഞുതുടങ്ങും. അവനോ: നിങ്ങൾ എവിടെനിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവർത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും, നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിൽ ഇരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്, പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്. ആ നാഴികയിൽതന്നെ ചില പരീശന്മാർ അടുത്തുവന്ന്: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്ന് അവനോടു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകുന്നത് അസംഭവ്യമല്ലോ എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര വട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 13:22-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. ഒരാൾ അവിടുത്തോട് ചോദിച്ചു: “ഗുരോ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?” യേശു അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ തീവ്രയത്നം ചെയ്യുക. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഗൃഹനാഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ ‘യജമാനനേ വാതിൽ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങൾ മുട്ടിത്തുടങ്ങും. അപ്പോൾ ‘നിങ്ങൾ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥൻ നിങ്ങളോട് ഉത്തരം പറയും. ‘അങ്ങയുടെകൂടെ ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ; തെരുവീഥികളിൽവച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ?’ എന്നിങ്ങനെ നിങ്ങൾ പറഞ്ഞു തുടങ്ങും. എന്നാൽ അപ്പോൾ ഗൃഹനാഥൻ, ‘നിങ്ങൾ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു പറയും. അബ്രഹാമും ഇസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങൾ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകൾ വന്നു ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരും പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.” ആ സമയത്തുതന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ പോയി ആ കുറുക്കനോടു പറയൂ, ഇന്നും നാളെയും ഞാൻ ഭൂതത്തെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യും. മൂന്നാം ദിവസം എന്റെ പ്രവൃത്തി പൂർത്തിയാക്കും. എന്നിരുന്നാലും ഇന്നും നാളെയും അതിനടുത്ത ദിവസവും ഈ യാത്ര തുടരുകതന്നെ വേണം. യെരൂശലേമിൽവച്ചല്ലാതെ ഒരു പ്രവാചകനും കൊല്ലപ്പെടരുതല്ലോ. “യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ മക്കളെ ചേർക്കുവാൻ ഞാൻ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി! ഇതാ നിന്റെ ഭവനം പരിത്യജിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

ലൂക്കൊസ് 13:22-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു. അപ്പോൾ ഒരാൾ അവനോട്: ”കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ?” എന്നു ചോദിച്ചു. അതിന് അവനോട് പറഞ്ഞത്: ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്‍റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും. അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും. ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും. ആ സമയത്തു തന്നെ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ”ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു” എന്നു അവനോട് പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്‍റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്‍റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 13:22-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു. അപ്പോൾ ഒരുത്തൻ അവനോടു: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു: ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും. അവനോ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും. മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു. ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകൻ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 13:22-35 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു. ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്നു ചോദിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞത്, “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും. “അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും. “അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ഉണ്ടാകും. പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.” ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു. അതിന് യേശു, “നിങ്ങൾചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും’ എന്നു പറയുക. എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ! “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല. ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”