ലൂക്കൊ. 13:22-35

ലൂക്കൊ. 13:22-35 IRVMAL

അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു. അപ്പോൾ ഒരാൾ അവനോട്: ”കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ?” എന്നു ചോദിച്ചു. അതിന് അവനോട് പറഞ്ഞത്: ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്‍റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും. അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും. ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും. ആ സമയത്തു തന്നെ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ”ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു” എന്നു അവനോട് പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്‍റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്‍റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.