ലൂക്കൊസ് 11:5-13

ലൂക്കൊസ് 11:5-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹിതൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവനു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്ന് അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം പറഞ്ഞാലും അവൻ സ്നേഹിതനാകകൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നേടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

ലൂക്കൊസ് 11:5-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. കഠിന പരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ.” അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും അർധരാത്രിയിൽ നിങ്ങളുടെ സ്നേഹിതന്റെ വീട്ടിൽ ചെന്നു ‘സ്നേഹിതാ, എന്റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്റെ വീട്ടിൽ വന്നിരിക്കുന്നു; അയാൾക്കു കൊടുക്കുവാൻ എന്റെ പക്കൽ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ. ‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതിൽ അടച്ചു കഴിഞ്ഞു; കുട്ടികളും എന്റെ കൂടെ കിടക്കുന്നു; ഇപ്പോൾ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാൻ നിവൃത്തിയില്ല’ എന്ന് അയാൾ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക. വീണ്ടും വീണ്ടും നിർബന്ധിച്ചു ചോദിക്കുമ്പോൾ മമതയുടെ പേരിൽ അല്ലെങ്കിലും സ്നേഹിതന്റെ നിർബന്ധംമൂലം അയാൾ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.” “അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു വാതിൽ തുറന്നു കിട്ടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു വാതിൽ തുറന്നു കിട്ടുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ അപ്പം ചോദിച്ചാൽ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്നത്? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? മക്കൾക്കു നല്ലതു ദാനം ചെയ്യാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‌കും.”

ലൂക്കൊസ് 11:5-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്‍റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്ക് മൂന്നു അപ്പം കടം തരേണം; എന്‍റെ ഒരു സ്നേഹിതൻ തന്‍റെ യാത്രാമദ്ധ്യേ എന്‍റെ അടുക്കൽ വന്നു; അവനു കൊടുക്കുവാൻ എന്‍റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്നു വിചാരിക്കുക: അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്‍റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവനു കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ടു എഴുന്നേറ്റ് അവനു ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും. യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവനു കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

ലൂക്കൊസ് 11:5-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

ലൂക്കൊസ് 11:5-13 സമകാലിക മലയാളവിവർത്തനം (MCV)

തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ, എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു. അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു. എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും. “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു. “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്? അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”