ലൂക്കോസ് 11

11
പ്രാർഥനയെക്കുറിച്ച് യേശുവിന്റെ ഉപദേശം
1യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ” എന്നു പറഞ്ഞു.
2യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
“ ‘സ്വർഗസ്ഥനായ ഞങ്ങളുടെ#11:2 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. പിതാവേ,
തിരുനാമം ആദരിക്കപ്പെടട്ടെ,
അവിടത്തെ രാജ്യം വരുമാറാകട്ടെ,
തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.#11:2 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.
3അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.
4ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും#11:4 മൂ.ഭാ. ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന എല്ലാവരോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിലേക്കു#11:4 അഥവാ, പരീക്ഷയിലേക്ക് നയിക്കരുതേ.
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ ”#11:4 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.
5തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ, 6എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു. 7അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു. 8എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.
9“അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 10അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
11“നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക?#11:11 ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല. അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്? 12അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? 13മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”
യേശുവും ബേൽസെബൂലും
14പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി. 15എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. 16മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
17യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും. 18സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്. 19ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ. 20എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ#11:20 മൂ.ഭാ. കൈവിരൽകൊണ്ടാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
21“ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും. 22എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.
23“എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
24“ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. 25അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. 26അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.”
27യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽ വഹിക്കുകയും മുലയൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു.
28അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗ്രഹിക്കപ്പെട്ടവർ” എന്ന് ഉത്തരം പറഞ്ഞു.
യോനാ ഒരത്ഭുതചിഹ്നം
29യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. 30യോനാ നിനവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ#11:30 യോന. 1–2 കാണുക. യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നിട്ടും ജീവനോടെ പുറത്തുവന്നു എന്നതാണ് ഈ ചിഹ്നം വിവക്ഷിക്കുന്നത്. മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും, 31ന്യായവിധിദിവസത്തിൽ ശേബാ#11:31 മൂ.ഭാ. തെക്കേദേശത്തെ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന്#11:31 മൂ.ഭാ. ഭൂമിയുടെ അതിരുകളിൽനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ. 32ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
ശരീരത്തിന്റെ വിളക്ക്
33“ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക. 34കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും. 35അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക. 36ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരംമുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന വിളക്ക് നിനക്കെതിരേ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.”
യേശു പരീശന്മാരെയും വേദജ്ഞരെയും ശാസിക്കുന്നു
37യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു. 38ഭക്ഷണത്തിനുമുമ്പ് യെഹൂദാപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു.
39അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്? 41അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും.
42“പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
43“പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു.
44“നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.”
45ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരോ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്നു പറഞ്ഞു.
46അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല.
47“നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു. 48അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു. 49ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്കയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’ 50ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ,#11:50 പഴയനിയമചരിത്രത്തിൽ വധിക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും പ്രവാചകന്മാരാണ് ഹാബേലും സെഖര്യാവും. ഉൽ. 4:2-15; 2 ദിന. 24:20-22#11:50 എബ്രായ പുസ്തകക്രമം അനുസരിച്ച് ഉൽപ്പത്തി ആദ്യത്തെ പുസ്തകവും 2 ദിനവൃത്താന്തം അവസാനത്തെ പുസ്തകവുമാണ്. 51ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം.
52“നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”
53-54യേശു ആ വീടുവിട്ടിറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ലൂക്കോസ് 11: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക