ലൂക്കോസ് 10
10
യേശു എഴുപതുപേരെ അയയ്ക്കുന്നു
1ഇതിനുശേഷം കർത്താവ് വേറെ എഴുപതുപേരെ#10:1 ചി.കൈ.പ്ര. എഴുപത്തിരണ്ടുപേരെ നിയമിച്ചു. താൻ താമസംവിനാ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും തനിക്കുമുമ്പേ അവരെ ഈരണ്ടുപേരെ അയച്ചു. 2അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു. 3പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. 4മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്.
5“ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ‘ഈ ഭവനത്തിനു സമാധാനം’ എന്ന് ആദ്യം പറയുക. 6അവിടെ സമാധാനത്തിന് യോഗ്യരായവരുണ്ടെങ്കിൽ ആ സമാധാനം അയാളിൽ നിലനിൽക്കും; ഇല്ലെങ്കിലോ അത് നിങ്ങളിലേക്കുതന്നെ മടങ്ങിവരും. 7വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.
8“ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക. 9അവിടെയുള്ള രോഗികളെ സൗഖ്യമാക്കി, ‘ദൈവരാജ്യം നിങ്ങളോട് സമീപിച്ചിരിക്കുന്നു’ എന്നു വിളംബരംചെയ്യുക. 10എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വാഗതംചെയ്യുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ ചെന്ന്, 11‘ഞങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്ന നിങ്ങളുടെ പട്ടണത്തിലെ പൊടിപോലും ഞങ്ങൾ ഇതാ നിങ്ങൾക്കൊരു അപായസൂചനയായി തുടച്ചുകളയുന്നു; എങ്കിലും ഒരു കാര്യം അറിയുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു, നിശ്ചയം’ എന്നറിയിക്കുക. 12ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം#10:12 ഉൽ. 19 കാണുക. ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും.
13“ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. 14എന്നാൽ ന്യായവിധിയിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. 15കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും.
16“നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തിരസ്കരിക്കുന്നയാൾ എന്നെ തിരസ്കരിക്കുന്നു; എന്നാൽ, എന്നെ തിരസ്കരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെയാണ് തിരസ്കരിക്കുന്നത്.”
17ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.
18അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു. 19ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. 20എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.”
21അപ്പോൾത്തന്നെ യേശു, പരിശുദ്ധാത്മാവിനാൽ ആനന്ദഭരിതനായി, പറഞ്ഞത്: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
22“എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനാരെന്ന് യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവാരെന്ന് അറിയുന്നില്ല” എന്നു പറഞ്ഞു.
23പിന്നെ യേശു ശിഷ്യന്മാർക്കുനേരേ തിരിഞ്ഞ് അവരോടുമാത്രമായി, “നിങ്ങൾ കാണുന്നത് കാണുന്ന നേത്രങ്ങൾ അനുഗ്രഹിക്കപ്പെട്ട നേത്രങ്ങൾ! 24കാരണം, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആഗ്രഹിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
നല്ല ശമര്യാക്കാരന്റെ സാദൃശ്യകഥ
25ഒരു ദിവസം ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ഇങ്ങനെ ചോദിച്ചു, “ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?”
26“എന്താണ് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത്? നീ എങ്ങനെ വായിക്കുന്നു?” യേശു ചോദിച്ചു.
27അതിന് അയാൾ, “നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം;#10:27 ആവ. 6:5 നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം”#10:27 ലേവ്യ. 19:18 എന്നുത്തരം പറഞ്ഞു.
28യേശു അയാളോട്, “നീ പറഞ്ഞത് ശരിയായ ഉത്തരമാണ്; ഇതു ചെയ്യുക, ഇവ ചെയ്താൽ നീ ജീവിക്കും” എന്നു പറഞ്ഞു.
29എന്നാൽ, അയാൾ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ചതുകൊണ്ട്, യേശുവിനോട് പിന്നെയും “ആരാണെന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു.
30യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ ജെറുശലേമിൽനിന്ന് യെരീഹോവിലേക്ക് യാത്രചെയ്യുകയായിരുന്നു, കൊള്ളക്കാർ ആ മനുഷ്യനെ ആക്രമിച്ചു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ മർദിച്ച് അർധപ്രാണനായി വഴിയരികിൽ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. 31ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി, 32അതുപോലെതന്നെ ഒരു ലേവ്യനും#10:32 ദൈവാലയശുശ്രൂഷകളിൽ സഹായിക്കുന്നവനാണ് ലേവ്യൻ അവിടെയെത്തി, അയാളും മുറിവേറ്റവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി. 33എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി. 34അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു. 35പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം#10:35 മൂ.ഭാ. രണ്ടുദിനാർ എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു.
36“കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു.
37“മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു.
“നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു.
യേശു മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ
38യേശു ശിഷ്യന്മാരുമായി യാത്ര തുടരവേ ഒരു ഗ്രാമത്തിൽ എത്തി. അവിടെ മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അദ്ദേഹത്തെ വീട്ടിലേക്കു സ്വാഗതംചെയ്തു. 39അവൾക്കു മറിയ എന്നു വിളിക്കുന്ന ഒരു സഹോദരി ഉണ്ടായിരുന്നു. മറിയ യേശുവിന്റെ കാൽക്കൽ ഇരുന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടുകൊണ്ടിരുന്നു. 40മാർത്തയോ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കായി പരക്കംപായുകയായിരുന്നു. അവൾ യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ അതിഥിസൽക്കാരത്തിന്റെ ഭാരമെല്ലാം എന്റെ സഹോദരി എന്നെമാത്രം ഏൽപ്പിച്ചിരിക്കുന്നതിൽ അങ്ങേക്കു ചിന്തയില്ലേ? എന്നെ ഒന്നു സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
41അതിനു കർത്താവ്, “മാർത്തേ, മാർത്തേ, നീ പലതിനെപ്പറ്റി ചിന്തിച്ചും വിഷാദിച്ചുമിരിക്കുന്നു. 42എന്നാൽ അൽപ്പം കാര്യങ്ങൾ, അല്ല വാസ്തവത്തിൽ ഒന്നു മതിയാകും. മറിയ മേൽത്തരമായത് തെരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളിൽനിന്ന് കവർന്നെടുക്കുകയുമില്ല” എന്ന് ഉത്തരം പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കോസ് 10: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.