LUKA 11

11
പ്രാർഥനയെപ്പറ്റി
(മത്താ. 6:9-13; 7:7-11)
1യേശു ഒരു സ്ഥലത്തു പ്രാർഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരാൾ അഭ്യർഥിച്ചു: “നാഥാ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കുവാൻ പഠിപ്പിക്കണമേ.” 2യേശു അരുൾചെയ്തു: “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
പിതാവേ,
അവിടുത്തെ പരിശുദ്ധനാമം പൂജിതമാകണമേ;
അവിടുത്തെ രാജ്യം വരണമേ.
3ആവശ്യമുള്ള ആഹാരം ദിനംതോറും
ഞങ്ങൾക്കു നല്‌കണമേ.
4ഞങ്ങളോടു കടപ്പെട്ടിട്ടുള്ള ഏതൊരുവനോടും
5ഞങ്ങൾ ക്ഷമിക്കുന്നതുപോലെ
ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ.
കഠിന പരീക്ഷണത്തിൽ ഞങ്ങൾ അകപ്പെടുവാൻ ഇടയാക്കരുതേ.”
അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും അർധരാത്രിയിൽ നിങ്ങളുടെ സ്നേഹിതന്റെ വീട്ടിൽ ചെന്നു 6‘സ്നേഹിതാ, എന്റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്റെ വീട്ടിൽ വന്നിരിക്കുന്നു; അയാൾക്കു കൊടുക്കുവാൻ എന്റെ പക്കൽ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ. 7‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതിൽ അടച്ചു കഴിഞ്ഞു; കുട്ടികളും എന്റെ കൂടെ കിടക്കുന്നു; ഇപ്പോൾ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാൻ നിവൃത്തിയില്ല’ എന്ന് അയാൾ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക. 8വീണ്ടും വീണ്ടും നിർബന്ധിച്ചു ചോദിക്കുമ്പോൾ മമതയുടെ പേരിൽ അല്ലെങ്കിലും സ്നേഹിതന്റെ നിർബന്ധംമൂലം അയാൾ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.”
9“അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു വാതിൽ തുറന്നു കിട്ടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; 10മുട്ടുന്നവനു വാതിൽ തുറന്നു കിട്ടുന്നു. 11നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ അപ്പം ചോദിച്ചാൽ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുന്നത്? 12മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? 13മക്കൾക്കു നല്ലതു ദാനം ചെയ്യാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‌കും.”
യേശുവും ബേൽസബൂലും
(മത്താ. 12:22-30; മർക്കോ. 3:20-27)
14ഒരിക്കൽ യേശു ഊമനായ ഒരു ഭൂതത്തെ പുറത്താക്കി; ഭൂതം വിട്ടുമാറിയ ഉടൻ മൂകനായിരുന്ന ആ മനുഷ്യൻ സംസാരിച്ചുതുടങ്ങി. ഇതു കണ്ട് ജനങ്ങൾ ആശ്ചര്യപ്പെട്ടു. 15എന്നാൽ “ഇയാൾ ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവനായ ബേൽസബൂലിനെക്കൊണ്ടാണ്” എന്നു ചിലർ പറഞ്ഞു.
16മറ്റു ചിലരാകട്ടെ അവിടുത്തെ കുടുക്കിലാക്കുന്നതിനായി സ്വർഗത്തിൽനിന്ന് ഒരു അടയാളം കാണിക്കുവാൻ ആവശ്യപ്പെട്ടു. 17യേശു അവരുടെ അന്തർഗതം മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഏതൊരു രാജാവും അന്തഃഛിദ്രംമൂലം നശിക്കുന്നു; ഏതൊരു കുടുംബവും ഭിന്നതമൂലം വീണുപോകുന്നു. 18സാത്താന്റെ രാജ്യത്തിലും അന്തഃഛിദ്രമുണ്ടായാൽ അത് എങ്ങനെ നിലനില്‌ക്കും? ബേൽസബൂലിനെക്കൊണ്ടാണ് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെന്നു നിങ്ങൾ പറയുന്നു. 19ഞാൻ ഭൂതങ്ങളെ ബഹിഷ്കരിക്കുന്നത് ഇങ്ങനെയെങ്കിൽ നിങ്ങളുടെ അനുയായികൾ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്! അതുകൊണ്ട് നിങ്ങൾ പറയുന്നതു ശരിയല്ലെന്ന് നിങ്ങളുടെ അനുയായികൾ തെളിയിക്കുന്നു. 20അല്ല, ഞാൻ ദൈവശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുത്തു നിശ്ചയമായും വന്നുകഴിഞ്ഞിരിക്കുന്നു.”
21“ബലിഷ്ഠനായ ഒരുവൻ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോൾ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും. 22എന്നാൽ തന്നെക്കാൾ ശക്തനായ ഒരാൾ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോൾ അയാൾ അവലംബമായി കരുതിയിരുന്ന ആയുധങ്ങൾ ആ മനുഷ്യൻ പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാൾ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും.
23“എന്നെ അനുകൂലിക്കാത്തവൻ എനിക്കു വിരോധിയാകുന്നു. ഒന്നിച്ചു ചേർക്കുന്നതിൽ എന്നെ സഹായിക്കാത്തവൻ ചിതറിക്കുകയാണു ചെയ്യുന്നത്.”
ദുഷ്ടാത്മാവു തിരിച്ചുവരുന്നു
(മത്താ. 12:43-45)
24“ദുഷ്ടാത്മാവ് ഒരു മനുഷ്യനിൽനിന്ന് ഒഴിഞ്ഞുപോകുമ്പോൾ വിശ്രമസങ്കേതം തേടി വെള്ളമില്ലാത്ത പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നു; സങ്കേതം കണ്ടെത്താതെ വരുമ്പോൾ ‘ഞാൻ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്ന് അതു പറയുന്നു. 25അങ്ങനെ അതു തിരിച്ചുചെല്ലുമ്പോൾ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും. 26അപ്പോൾ ആ ദുഷ്ടാത്മാവു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെക്കൂടി കൂട്ടികൊണ്ടു വന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കും. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ ആദ്യത്തേതിനെക്കാൾ കഷ്ടതരമായിത്തീരും.”
സാക്ഷാൽ അനുഗൃഹീതർ
27യേശു ഇതു പറഞ്ഞപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്‍ത്രീ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “അങ്ങയെ ഉദരത്തിൽ വഹിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്ത അങ്ങയുടെ അമ്മ അനുഗ്രഹിക്കപ്പെട്ടവൾ തന്നെ!”
28അപ്പോൾ യേശു അരുൾചെയ്തു: “ദൈവവചനം കേൾക്കുകയും അതനുവർത്തിക്കുകയും ചെയ്യുന്നവരത്രേ സാക്ഷാൽ അനുഗൃഹീതർ.”
അടയാളങ്ങൾ അന്വേഷിക്കരുത്
(മത്താ. 12:38-42)
29കൂടുതൽ ജനം വന്നുചേർന്നപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ തലമുറ ദുഷ്ടത നിറഞ്ഞതാണ്; അവർ അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവർക്കു ലഭിക്കുകയില്ല. 30യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്‍ക്ക് അടയാളമായിരിക്കും. 31ന്യായവിധിനാളിൽ ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റവാളികളെന്നു വിധിക്കും. ശേബാരാജ്ഞി ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കുവാൻ ഭൂമിയുടെ ഒരു കോണിൽനിന്നു വന്നുവല്ലോ. ഇതാ, ഇവിടെ ശലോമോനെക്കാൾ വലിയവൻ. 32ന്യായവിധിനാളിൽ ഈ തലമുറയോടൊപ്പം നിനെവേയിലെ ജനങ്ങൾ ഉയിർത്തെഴുന്നേറ്റ് ഈ തലമുറക്കാരെ കുറ്റവാളികളെന്നു വിധിക്കും. നിനെവേക്കാർ യോനായുടെ പ്രഭാഷണം കേട്ട് അനുതപിച്ചുവല്ലോ; ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ.
നിന്നിലുള്ള പ്രകാശം
(മത്താ. 5:15; 6:22-23)
33“വിളക്കു കത്തിച്ച് ആരും നിലവറയിലോ #11:33 ചില കൈയെഴുത്തു പ്രതികളിൽ ‘പറയുടെ കീഴിലോ’ എന്നു കാണുന്നില്ല. പറയുടെ കീഴിലോ വയ്‍ക്കാറില്ല. അകത്തു വരുന്നവർക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. 34നിങ്ങളുടെ കണ്ണ് ശരീരത്തിന്റെ വിളക്കാകുന്നു. കണ്ണിനു പൂർണമായ കാഴ്ചയുള്ളപ്പോൾ ശരീരം മുഴുവൻ പ്രകാശപൂർണമായിരിക്കും. എന്നാൽ കണ്ണിന് വൈകല്യമുണ്ടെങ്കിൽ ശരീരം ആസകലം ഇരുട്ടായിരിക്കും. 35അതിനാൽ നിന്നിലുള്ള പ്രകാശം അന്ധകാരമായിത്തീരാതിരിക്കുവാൻ ശ്രദ്ധിച്ചുകൊള്ളുക. 36ഒരിടത്തും ഇരുൾ ഇല്ലാതെ നിങ്ങളുടെ ശരീരം ആപാദചൂഡം പ്രകാശപൂരിതമായിരുന്നാൽ, ഒരു ദീപം അതിന്റെ ശോഭയാൽ നിങ്ങൾക്കു വെളിച്ചം നല്‌കുന്നതുപോലെ നിങ്ങളുടെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.”
പരീശന്മാരും വേദപണ്ഡിതന്മാരും
(മത്താ. 23:1-36; മർക്കോ. 12:38-40)
37യേശു പ്രബോധിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പരീശൻ വന്ന് തന്നോടുകൂടി ഭക്ഷണം കഴിക്കുവാൻ അവിടുത്തെ ക്ഷണിച്ചു. യേശു ആ പരീശന്റെ ഭവനത്തിലെത്തി. 38കൈകാലുകൾ കഴുകാതെ അവിടുന്ന് ഭക്ഷണം കഴിക്കാനിരുന്നത് ആ പരീശനെ അദ്ഭുതപ്പെടുത്തി. 39എന്നാൽ കർത്താവ് അയാളോടു പറഞ്ഞു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ ഉള്ളിലാകട്ടെ അപഹരണാസക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40ഭോഷന്മാരേ, പുറം നിർമിച്ചവൻ തന്നെയല്ലേ അകവും നിർമിച്ചത്? 41നിങ്ങളുടെ പാത്രങ്ങളിലുള്ളതു ദാനം ചെയ്യുക; അപ്പോൾ നിങ്ങൾക്കുള്ളതെല്ലാം ശുദ്ധമായിരിക്കും.
42“പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ എല്ലാവകകളുടെയും ദശാംശം കൊടുക്കുന്നു; കർപ്പൂരതുളസി, പുതിന, ചീര മുതലായ ചെറു സസ്യങ്ങളുടേതുപോലും; പക്ഷേ, നീതിയും ദൈവസ്നേഹവും അവഗണിക്കുന്നു. ഇവയെ അവഗണിക്കാതെ നിങ്ങൾ മറ്റുള്ളതെല്ലാം ചെയ്യേണ്ടതായിരുന്നു.
43“പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! സുനഗോഗുകളിൽ പ്രമുഖസ്ഥാനവും അങ്ങാടിയിൽ വന്ദനവും ലഭിക്കുവാൻ നിങ്ങൾ അഭിലഷിക്കുന്നു. 44നിങ്ങൾക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാൻ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങൾ. മനുഷ്യർ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.”
45അപ്പോൾ നിയമപണ്ഡിതന്മാരിലൊരാൾ: “ഗുരോ, ഇങ്ങനെ പറഞ്ഞ് അങ്ങു ഞങ്ങളെക്കൂടി അപമാനിക്കുകയാണല്ലോ” എന്നു യേശുവിനോടു പറഞ്ഞു.
46അവിടുന്നു പ്രതിവചിച്ചു: “നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! ദുർവഹമായ ഭാരങ്ങൾ നിങ്ങൾ മനുഷ്യരുടെമേൽ കെട്ടിവയ്‍ക്കുന്നു. നിങ്ങളാണെങ്കിൽ ഒരു വിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുന്നുമില്ല. 47നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പൂർവപിതാക്കന്മാർ വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിങ്ങൾ പണിയുന്നു. 48അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകൂലിക്കുകയും ചെയ്യുന്നു. അവർ അവരെ വധിച്ചു; നിങ്ങൾ അവർക്കു ശവകുടീരം നിർമിക്കുന്നു. 49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഞാൻ പ്രവാചകന്മാരെയും അപ്പോസ്തോലന്മാരെയും അവരുടെ അടുക്കലേക്ക് അയയ്‍ക്കും. അവരിൽ ചിലരെ അവർ സംഹരിക്കുകയും ചിലരെ പീഡിപ്പിക്കുകയും ചെയ്യും.’ 50,51അങ്ങനെ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്‍ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതൽ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.
52“നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോൽ നിങ്ങൾ കൈവശമാക്കിയിരിക്കുന്നു. നിങ്ങൾതന്നെ അതിൽ പ്രവേശിച്ചില്ല; പ്രവേശിക്കുവാൻ വരുന്നവരെ തടയുകയും ചെയ്യുന്നു.”
53യേശു അവിടെനിന്നു പോകുമ്പോൾ മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനെ നിശിതമായി വിമർശിക്കുവാൻ തുടങ്ങി. 54യേശുവിനെ വാക്കിൽ കുടുക്കി പിടിക്കുവാൻ തക്കം നോക്കിക്കൊണ്ട് അവർ അവിടുത്തോടു പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LUKA 11: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക