LUKA 10
10
എഴുപത്തിരണ്ടു ശിഷ്യന്മാരെ അയയ്‍ക്കുന്നു
1അതിനുശേഷം വേറെ #10:1 ചില കൈയെഴുത്തു പ്രതികളിൽ ‘എഴുപത്’ എന്നാണ്.എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താൻ പോകാനിരുന്ന 2ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാർ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാൻ അപേക്ഷിക്കുക. 3ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിൻകുട്ടികളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങൾ പോകുക. 4പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. 5ഏതെങ്കിലും ഭവനത്തിൽ നിങ്ങൾ പ്രവേശിച്ചാൽ ആദ്യം ‘ഈ വീടിനു സമാധാനം’ എന്ന് ആശംസിക്കണം. 6അവിടെ ഒരു സമാധാനപ്രിയൻ ഉണ്ടെങ്കിൽ നിങ്ങൾ ആശംസിച്ച സമാധാനം അവന്റെമേൽ ആവസിക്കും. അല്ലെങ്കിൽ ആ സമാധാനം നിങ്ങളിലേക്കു തിരിച്ചുപോരും. 7അവർ തരുന്ന ഭക്ഷണപാനീയങ്ങൾ സ്വീകരിച്ച് അതേ ഭവനത്തിൽത്തന്നെ പാർക്കുക. എന്തെന്നാൽ വേലക്കാരൻ തന്റെ കൂലിക്ക് അർഹനത്രേ. വീടുകൾതോറും മാറി മാറി താമസിക്കുവാൻ തുനിയരുത്. 8ഏതെങ്കിലും പട്ടണത്തിലെ ജനങ്ങൾ നിങ്ങളെ സ്വീകരിച്ചാൽ അവർ വിളമ്പിത്തരുന്നത് എന്തായാലും അതു ഭക്ഷിക്കുക. 9ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക. 10എന്നാൽ ഏതെങ്കിലും പട്ടണത്തിലെ ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ അവിടത്തെ തെരുവീഥികളിൽ ചെന്ന് 11‘നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലുകളിൽ പറ്റിയ പൊടിപോലും ഇതാ നിങ്ങളുടെ മുമ്പിൽവച്ചു തട്ടിക്കളയുന്നു; എങ്കിലും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക’ എന്ന് അവരോട് പറയണം. 12ന്യായവിധിനാളിൽ ആ പട്ടണത്തിനുണ്ടാകുന്ന ശിക്ഷാവിധി സോദോംപട്ടണത്തിനുണ്ടായതിനെക്കാൾ ഭയങ്കരമായിരിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”
അനുതപിക്കാത്ത പട്ടണങ്ങൾ
(മത്താ. 11:20-24)
13“കോരസീനേ, നിനക്കു ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്ക് ഹാ കഷ്ടം! നിങ്ങളിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നുവെങ്കിൽ, അവർ പണ്ടുതന്നെ ചാക്കുതുണിയുടുത്തും വെണ്ണീറിലിരുന്നും അനുതപിക്കുമായിരുന്നു. 14എന്നാൽ ന്യായവിധിനാളിൽ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാൾ സഹിക്കാവുന്നതായിരിക്കും. 15കഫർന്നഹൂമേ, നീ സ്വർഗത്തോളം ഉയരുവാൻ ആഗ്രഹിച്ചുവോ! നീ പാതാളത്തോളം താണുപോകും.
16“നിങ്ങളെ അനുസരിക്കുന്നവൻ എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവൻ എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവൻ എന്നെ അയച്ചവനെ നിരാകരിക്കുന്നു.”
എഴുപത്തിരണ്ടുപേർ തിരിച്ചുവരുന്നു
17യേശു അയച്ച ആ എഴുപത്തിരണ്ടുപേർ ആഹ്ലാദപൂർവം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തിൽ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.”
18അപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘മിന്നൽപ്പിണർപോലെ സാത്താൻ സ്വർഗത്തിൽനിന്നു വീഴുന്നതു ഞാൻ കണ്ടു. 19ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാൻ നിങ്ങൾക്കു നല്‌കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. 20എങ്കിലും ദുഷ്ടാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിൽ ആണ് സന്തോഷിക്കേണ്ടത്.”
സ്തോത്ര പ്രാർഥന
(മത്താ. 11:25-27; 13:16-17)
21ആ സമയത്തുതന്നെ യേശു #10:21 ചില കൈയെഴുത്തു പ്രതികളിൽ ‘ആത്മാവിൽ’ എന്നാണ്.പരിശുദ്ധാത്മാവിൽ ആനന്ദിച്ചുകൊണ്ടു പ്രാർഥിച്ചു: “ആകാശത്തിന്റെയും ഭൂമിയുടെയും അധിപനായ പിതാവേ, അങ്ങയെ ഞാൻ വാഴ്ത്തുന്നു. അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ച് കേവലം ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അതേ, പിതാവേ, ഇപ്രകാരം തിരുവുള്ളം പ്രസാദിച്ചുവല്ലോ.”
22യേശു പറഞ്ഞു: “എന്റെ പിതാവു സകലവും എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രൻ ആരാണെന്നു പിതാവല്ലാതെ മറ്റാരും അറിയുന്നില്ല. അതുപോലെതന്നെ പിതാവ് ആരാണെന്നു പുത്രനും പുത്രൻ ആർക്കെല്ലാം വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നുവോ അവരുമല്ലാതെ മറ്റാരും അറിയുന്നില്ല.”
23പിന്നീടു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു യേശു സ്വകാര്യമായി പറഞ്ഞു: “നിങ്ങൾ കാണുന്നതെന്തോ, അതു കാണുന്നവർ അനുഗ്രഹിക്കപ്പെട്ടവർ. 24ഞാൻ പറയട്ടെ, നിങ്ങൾ കാണുന്നതു കാണാൻ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചു; അവർ കണ്ടില്ല. നിങ്ങൾ കേൾക്കുന്നതു കേൾക്കുവാൻ അവർ ആഗ്രഹിച്ചു; കേട്ടതുമില്ല.”
ആരാണ് അയൽക്കാരൻ?
25ഒരു നിയമപണ്ഡിതൻ യേശുവിന്റെ അടുക്കൽ വന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഗുരോ, അനശ്വരമായ ജീവൻ അവകാശമായി ലഭിക്കുവാൻ ഞാൻ എന്തു ചെയ്യണം!”
26യേശു പറഞ്ഞു: “ധർമശാസ്ത്രത്തിൽ എന്താണ് എഴുതിയിരിക്കുന്നത്? താങ്കൾ എന്താണു വായിച്ചു ഗ്രഹിക്കുന്നത്?”
27“നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടുംകൂടി സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അയാൾ ഉത്തരം പറഞ്ഞു.
28യേശു അയാളോട്: “താങ്കൾ പറഞ്ഞത് ശരിതന്നെ; അപ്രകാരം ചെയ്യുക; എന്നാൽ താങ്കൾ ജീവിക്കും” എന്നു പറഞ്ഞു.
29എന്നാൽ തന്റെ പ്രശ്നത്തെ ന്യായീകരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അയാൾ യേശുവിനോട്: “ആരാണ് എന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു.
30യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാൾ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവർ അയാളുടെ വസ്ത്രം ഉരിഞ്ഞു മർദിച്ച് അർധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു. 31ഒരു പുരോഹിതൻ യാദൃച്ഛികമായി അതുവഴി വന്നു. അയാൾ ആ മനുഷ്യനെ കണ്ടപ്പോൾ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി. 32അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്. 33എന്നാൽ ഒരു ശമര്യൻ തന്റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ് 34അയാൾ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകർന്ന് അയാളുടെ മുറിവുകൾ വച്ചുകെട്ടിയശേഷം അയാളെ തന്റെ വാഹന മൃഗത്തിന്റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂർവം പരിചരിച്ചു. 35പിറ്റേദിവസം ആ ശമര്യൻ രണ്ടു ദിനാർ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം.”
36യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത് എന്നു താങ്കൾക്കു തോന്നുന്നു?”
37“അയാളോടു കരുണ കാണിച്ചവൻതന്നെ” എന്നു നിയമപണ്ഡിതൻ പറഞ്ഞു.
യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.”
മാർത്തയും മറിയവും
38യാത്രാമധ്യേ യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ മാർത്ത എന്നൊരു സ്‍ത്രീ തന്റെ വീട്ടിൽ അവിടുത്തെ സ്വീകരിച്ചു. 39അവൾക്കു മറിയം എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ യേശുവിന്റെ കാല്‌ക്കലിരുന്ന് അവിടുത്തെ പ്രബോധനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 40മാർത്തയാകട്ടെ വളരെയധികം ജോലികളിൽ മുഴുകി വ്യഗ്രത പൂണ്ടിരുന്നു. അവൾ യേശുവിനെ സമീപിച്ച്: “ഗുരോ, എന്റെ സഹോദരി എന്നെ ഈ ജോലിയെല്ലാം തനിച്ചു ചെയ്യാൻ വിട്ടിരിക്കുന്നതിനെക്കുറിച്ച് അങ്ങേക്ക് വിചാരമില്ലേ? എന്നെ സഹായിക്കുവാൻ അവളോടു പറഞ്ഞാലും” എന്നു പറഞ്ഞു.
41അതിന് യേശു: “മാർത്തയേ, മാർത്തയേ, നീ പല കാര്യങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ട് അസ്വസ്ഥയായിരിക്കുകയാണ്. 42എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നുമാത്രം മതി; മറിയം നല്ല അംശം തിരഞ്ഞെടുത്തു. അത് അവളിൽനിന്ന് ആരും അപഹരിക്കുകയില്ല” എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
LUKA 10: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.