ലൂക്കൊസ് 10:38-42
ലൂക്കൊസ് 10:38-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവർ യാത്ര പോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല.
ലൂക്കൊസ് 10:38-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാത്രാമധ്യേ യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ മാർത്ത എന്നൊരു സ്‍ത്രീ തന്റെ വീട്ടിൽ അവിടുത്തെ സ്വീകരിച്ചു. അവൾക്കു മറിയം എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ യേശുവിന്റെ കാല്‌ക്കലിരുന്ന് അവിടുത്തെ പ്രബോധനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്തയാകട്ടെ വളരെയധികം ജോലികളിൽ മുഴുകി വ്യഗ്രത പൂണ്ടിരുന്നു. അവൾ യേശുവിനെ സമീപിച്ച്: “ഗുരോ, എന്റെ സഹോദരി എന്നെ ഈ ജോലിയെല്ലാം തനിച്ചു ചെയ്യാൻ വിട്ടിരിക്കുന്നതിനെക്കുറിച്ച് അങ്ങേക്ക് വിചാരമില്ലേ? എന്നെ സഹായിക്കുവാൻ അവളോടു പറഞ്ഞാലും” എന്നു പറഞ്ഞു. അതിന് യേശു: “മാർത്തയേ, മാർത്തയേ, നീ പല കാര്യങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ട് അസ്വസ്ഥയായിരിക്കുകയാണ്. എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നുമാത്രം മതി; മറിയം നല്ല അംശം തിരഞ്ഞെടുത്തു. അത് അവളിൽനിന്ന് ആരും അപഹരിക്കുകയില്ല” എന്നു പറഞ്ഞു.
ലൂക്കൊസ് 10:38-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു. അവൾക്ക് മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ ജോലി ചെയ്തു തളർന്നിട്ട് അടുക്കെ വന്നു: ”കർത്താവേ, എന്റെ സഹോദരി വീട്ടുജോലികൾ ചെയ്യുവാൻ എന്നെ തനിച്ചു വിട്ടിരിക്കുന്നതിന് അങ്ങേയ്ക്ക് വിചാരമില്ലയോ? എന്നെ സഹായിക്കുവാൻ അവളോട് കല്പിച്ചാലും” എന്നു പറഞ്ഞു. കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലകാര്യങ്ങളെ പറ്റി ചിന്തിച്ച് നിന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്ന് മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കുകയുമില്ല. എന്ന് ഉത്തരം പറഞ്ഞു.
ലൂക്കൊസ് 10:38-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.
ലൂക്കൊസ് 10:38-42 സമകാലിക മലയാളവിവർത്തനം (MCV)
യേശു ശിഷ്യന്മാരുമായി യാത്ര തുടരവേ ഒരു ഗ്രാമത്തിൽ എത്തി. അവിടെ മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അദ്ദേഹത്തെ വീട്ടിലേക്കു സ്വാഗതംചെയ്തു. അവൾക്കു മറിയ എന്നു വിളിക്കുന്ന ഒരു സഹോദരി ഉണ്ടായിരുന്നു. മറിയ യേശുവിന്റെ കാൽക്കൽ ഇരുന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടുകൊണ്ടിരുന്നു. മാർത്തയോ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കായി പരക്കംപായുകയായിരുന്നു. അവൾ യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ അതിഥിസൽക്കാരത്തിന്റെ ഭാരമെല്ലാം എന്റെ സഹോദരി എന്നെമാത്രം ഏൽപ്പിച്ചിരിക്കുന്നതിൽ അങ്ങേക്കു ചിന്തയില്ലേ? എന്നെ ഒന്നു സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു. അതിനു കർത്താവ്, “മാർത്തേ, മാർത്തേ, നീ പലതിനെപ്പറ്റി ചിന്തിച്ചും വിഷാദിച്ചുമിരിക്കുന്നു. എന്നാൽ അൽപ്പം കാര്യങ്ങൾ, അല്ല വാസ്തവത്തിൽ ഒന്നു മതിയാകും. മറിയ മേൽത്തരമായത് തെരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളിൽനിന്ന് കവർന്നെടുക്കുകയുമില്ല” എന്ന് ഉത്തരം പറഞ്ഞു.