ലൂക്കൊസ് 10:17-21

ലൂക്കൊസ് 10:17-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.

ലൂക്കൊസ് 10:17-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു അയച്ച ആ എഴുപത്തിരണ്ടുപേർ ആഹ്ലാദപൂർവം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തിൽ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.” അപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘മിന്നൽപ്പിണർപോലെ സാത്താൻ സ്വർഗത്തിൽനിന്നു വീഴുന്നതു ഞാൻ കണ്ടു. ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാൻ നിങ്ങൾക്കു നല്‌കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും ദുഷ്ടാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിൽ ആണ് സന്തോഷിക്കേണ്ടത്.” ആ സമയത്തുതന്നെ യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചുകൊണ്ടു പ്രാർഥിച്ചു: “ആകാശത്തിന്റെയും ഭൂമിയുടെയും അധിപനായ പിതാവേ, അങ്ങയെ ഞാൻ വാഴ്ത്തുന്നു. അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ച് കേവലം ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അതേ, പിതാവേ, ഇപ്രകാരം തിരുവുള്ളം പ്രസാദിച്ചുവല്ലോ.”

ലൂക്കൊസ് 10:17-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: ”കർത്താവേ, നിന്‍റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു; അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നത് ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക. ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്.

ലൂക്കൊസ് 10:17-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.

ലൂക്കൊസ് 10:17-21 സമകാലിക മലയാളവിവർത്തനം (MCV)

ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു. ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.” അപ്പോൾത്തന്നെ യേശു, പരിശുദ്ധാത്മാവിനാൽ ആനന്ദഭരിതനായി, പറഞ്ഞത്: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!