ലൂക്കൊസ് 10:1-20
ലൂക്കൊസ് 10:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം കർത്താവ് വേറേ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോട് പറഞ്ഞത്: കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിൻ. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവച്ച് ആരെയും വന്ദനം ചെയ്കയുമരുത്; ഏതു വീട്ടിൽ എങ്കിലും ചെന്നാൽ:ഈ വീട്ടിനു സമാധാനം എന്ന് ആദ്യം പറവിൻ. അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടിൽതന്നെ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുത്. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്ന് അവരോടു പറവിൻ. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ എന്നു പറവിൻ. ആ പട്ടണത്തെക്കാൾ സൊദോമ്യർക്ക് ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. കോരസീനേ, നിനക്ക് അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം! നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിനും സീദോനും സഹിക്കാവതാകും. നീയോ കഫർന്നഹൂമേ, സ്വർഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
ലൂക്കൊസ് 10:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താൻ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാർ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാൻ അപേക്ഷിക്കുക. ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിൻകുട്ടികളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; നിങ്ങൾ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. ഏതെങ്കിലും ഭവനത്തിൽ നിങ്ങൾ പ്രവേശിച്ചാൽ ആദ്യം ‘ഈ വീടിനു സമാധാനം’ എന്ന് ആശംസിക്കണം. അവിടെ ഒരു സമാധാനപ്രിയൻ ഉണ്ടെങ്കിൽ നിങ്ങൾ ആശംസിച്ച സമാധാനം അവന്റെമേൽ ആവസിക്കും. അല്ലെങ്കിൽ ആ സമാധാനം നിങ്ങളിലേക്കു തിരിച്ചുപോരും. അവർ തരുന്ന ഭക്ഷണപാനീയങ്ങൾ സ്വീകരിച്ച് അതേ ഭവനത്തിൽത്തന്നെ പാർക്കുക. എന്തെന്നാൽ വേലക്കാരൻ തന്റെ കൂലിക്ക് അർഹനത്രേ. വീടുകൾതോറും മാറി മാറി താമസിക്കുവാൻ തുനിയരുത്. ഏതെങ്കിലും പട്ടണത്തിലെ ജനങ്ങൾ നിങ്ങളെ സ്വീകരിച്ചാൽ അവർ വിളമ്പിത്തരുന്നത് എന്തായാലും അതു ഭക്ഷിക്കുക. ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക. എന്നാൽ ഏതെങ്കിലും പട്ടണത്തിലെ ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ അവിടത്തെ തെരുവീഥികളിൽ ചെന്ന് ‘നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലുകളിൽ പറ്റിയ പൊടിപോലും ഇതാ നിങ്ങളുടെ മുമ്പിൽവച്ചു തട്ടിക്കളയുന്നു; എങ്കിലും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക’ എന്ന് അവരോട് പറയണം. ന്യായവിധിനാളിൽ ആ പട്ടണത്തിനുണ്ടാകുന്ന ശിക്ഷാവിധി സോദോംപട്ടണത്തിനുണ്ടായതിനെക്കാൾ ഭയങ്കരമായിരിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.” “കോരസീനേ, നിനക്കു ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്ക് ഹാ കഷ്ടം! നിങ്ങളിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നുവെങ്കിൽ, അവർ പണ്ടുതന്നെ ചാക്കുതുണിയുടുത്തും വെണ്ണീറിലിരുന്നും അനുതപിക്കുമായിരുന്നു. എന്നാൽ ന്യായവിധിനാളിൽ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാൾ സഹിക്കാവുന്നതായിരിക്കും. കഫർന്നഹൂമേ, നീ സ്വർഗത്തോളം ഉയരുവാൻ ആഗ്രഹിച്ചുവോ! നീ പാതാളത്തോളം താണുപോകും. “നിങ്ങളെ അനുസരിക്കുന്നവൻ എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവൻ എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവൻ എന്നെ അയച്ചവനെ നിരാകരിക്കുന്നു.” യേശു അയച്ച ആ എഴുപത്തിരണ്ടുപേർ ആഹ്ലാദപൂർവം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തിൽ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.” അപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘മിന്നൽപ്പിണർപോലെ സാത്താൻ സ്വർഗത്തിൽനിന്നു വീഴുന്നതു ഞാൻ കണ്ടു. ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാൻ നിങ്ങൾക്കു നല്‌കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും ദുഷ്ടാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിൽ ആണ് സന്തോഷിക്കേണ്ടത്.”
ലൂക്കൊസ് 10:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് ശേഷം കർത്താവ് വേറെ എഴുപത് പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കുമുമ്പായി രണ്ടുപേർ വീതം അയച്ചു, അവരോട് പറഞ്ഞത്: കൊയ്ത്ത് വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്‍റെ കൊയ്ത്തിന് വേലക്കാരെ അയക്കേണ്ടതിന് അപേക്ഷിക്കുവിൻ. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. നിങ്ങൾ പണസഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്; ഏത് വീട്ടിൽ പ്രവേശിക്കുമ്പോഴും: ഈ വീടിന് സമാധാനം എന്നു ആദ്യം പറയുക. അവിടെ സമാധാനം പ്രിയപ്പെടുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവരുടെ മേൽ വസിക്കും; ഇല്ലെങ്കിൽ നിങ്ങളിലേക്ക് മടങ്ങിവരും. അവർ തരുന്നത് തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നെ താമസിക്കുക; വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാണല്ലോ; ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് മാറിപ്പോകരുത്. ഏത് പട്ടണത്തിൽ ചെന്നാലും അവർ നിങ്ങളെ സ്വീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്നത് ഭക്ഷിക്കുക. ആ പട്ടണത്തിലെ രോഗികളെ സുഖമാക്കി, ദൈവരാജ്യം നിങ്ങൾക്ക് സമീപിച്ചിരിക്കുന്നു എന്നു അവരോട് പറയുക. ഏതെങ്കിലും പട്ടണത്തിൽ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ അതിന്‍റെ തെരുവുകളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന് പറ്റിയ പൊടിയും ഞങ്ങൾ കുടഞ്ഞിട്ടുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ എന്നു പറയുക. ന്യായവിധി നാളിൽ സൊദോമ്യർക്ക് ആ പട്ടണത്തേക്കാൾ സഹിക്കാൻ സാധിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിയിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കുവാൻ സാധിക്കും. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. യേശു വീണ്ടും ആ എഴുപത് പേരോടു പറഞ്ഞത്: നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്‍റെ വാക്ക് കേൾക്കുന്നു; നിങ്ങളെ സ്വീകരിക്കാത്തവൻ എന്നെ സ്വീകരിക്കുകയില്ല; എന്നെ സ്വീകരിക്കാത്തവൻ എന്നെ അയച്ചവനെ സ്വീകരിക്കുകയില്ല. ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: ”കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു; അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നത് ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്ക് കീഴടങ്ങുന്നതിലല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
ലൂക്കൊസ് 10:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു; ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ. ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
ലൂക്കൊസ് 10:1-20 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം കർത്താവ് വേറെ എഴുപതുപേരെ നിയമിച്ചു. താൻ താമസംവിനാ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും തനിക്കുമുമ്പേ അവരെ ഈരണ്ടുപേരെ അയച്ചു. അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു. പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്. “ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ‘ഈ ഭവനത്തിനു സമാധാനം’ എന്ന് ആദ്യം പറയുക. അവിടെ സമാധാനത്തിന് യോഗ്യരായവരുണ്ടെങ്കിൽ ആ സമാധാനം അയാളിൽ നിലനിൽക്കും; ഇല്ലെങ്കിലോ അത് നിങ്ങളിലേക്കുതന്നെ മടങ്ങിവരും. വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ. “ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക. അവിടെയുള്ള രോഗികളെ സൗഖ്യമാക്കി, ‘ദൈവരാജ്യം നിങ്ങളോട് സമീപിച്ചിരിക്കുന്നു’ എന്നു വിളംബരംചെയ്യുക. എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വാഗതംചെയ്യുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ ചെന്ന്, ‘ഞങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്ന നിങ്ങളുടെ പട്ടണത്തിലെ പൊടിപോലും ഞങ്ങൾ ഇതാ നിങ്ങൾക്കൊരു അപായസൂചനയായി തുടച്ചുകളയുന്നു; എങ്കിലും ഒരു കാര്യം അറിയുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു, നിശ്ചയം’ എന്നറിയിക്കുക. ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും. “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിയിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തിരസ്കരിക്കുന്നയാൾ എന്നെ തിരസ്കരിക്കുന്നു; എന്നാൽ, എന്നെ തിരസ്കരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെയാണ് തിരസ്കരിക്കുന്നത്.” ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു. അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു. ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.”