ലൂക്കൊസ് 1:1-38
ലൂക്കൊസ് 1:1-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ട്, നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന് അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു. യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സുചെന്നവരും ആയിരുന്നു. അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും. സെഖര്യാവ് ദൂതനോട്; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. അവൻ പുറത്തുവന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്ക് ആംഗ്യം കാട്ടി ഊമനായി പാർത്തു. അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി. ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു: മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവ് എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാർത്തു. ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കൊസ് 1:1-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ ഇടയിൽ നടന്നിട്ടുള്ള സംഭവങ്ങൾ രേഖപ്പെടുത്തുവാൻ പലരും പരിശ്രമിച്ചിട്ടുണ്ട്. ആദിമുതല്‌ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകർ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതൽ ഞാൻ ശ്രദ്ധാപൂർവം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കൾക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി. അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാൻ ഇതെഴുതുന്നു. യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തിൽപെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്റെ വംശജയായിരുന്നു. അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു. എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാൽ അവർക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു. ഒരിക്കൽ സഖറിയാ ഉൾപ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു. അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അർപ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാർപ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു. തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങൾ എല്ലാവരും അപ്പോൾ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. തത്സമയം ദൈവദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു പ്രത്യക്ഷനായി. സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. അപ്പോൾ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാൻ എന്നു പേരിടണം. നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്റെ ജനനത്തിൽ അനവധി ആളുകൾ സന്തോഷിക്കും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠനായിരിക്കും. അവൻ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗർഭത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവുകൊണ്ടു നിറയും. ഇസ്രായേൽജനത്തിൽ പലരെയും ദൈവമായ കർത്താവിന്റെ അടുക്കലേക്ക് അവൻ തിരിച്ചുകൊണ്ടുവരും. അവൻ പിതാക്കന്മാരെയും മക്കളെയും തമ്മിൽ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്‍ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവൻ കർത്താവിന്റെ മുന്നോടിയായി ഏലിയാപ്രവാചകന്റെ വീറോടും ശക്തിയോടുംകൂടി പ്രവർത്തിക്കും.” അപ്പോൾ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാൻ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്റെ ഭാര്യയും അങ്ങനെതന്നെ.” ദൂതൻ പ്രതിവചിച്ചു: “ഞാൻ ദൈവസന്നിധിയിൽ നില്‌ക്കുന്ന ഗബ്രിയേലാണ്. ഈ സദ്‍വാർത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു. എന്റെ വാക്കുകൾ യഥാകാലം സത്യമാകും. എന്നാൽ നീ ആ വാക്കുകൾ വിശ്വസിക്കാഞ്ഞതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.” ജനങ്ങൾ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോർത്ത് അവർ ആശ്ചര്യപ്പെട്ടു. അദ്ദേഹം പുറത്തുവന്നപ്പോൾ അവരോട് ഒന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. ദേവാലയത്തിൽവച്ച് അദ്ദേഹത്തിന് ഒരു ദിവ്യദർശനം ഉണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു. തന്റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോൾ അദ്ദേഹം സ്വഭവനത്തിലേക്കു പോയി. അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അവർ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു. മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്‍ടിയിൽപ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി. എലിസബെത്ത് ഗർഭവതിയായതിന്റെ ആറാം മാസത്തിൽ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കൽ ദൈവം ഗബ്രിയേലിനെ അയച്ചു. ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സിൽ വിചാരിച്ചു. അപ്പോൾ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും. അവൻ എന്നെന്നേക്കും ഇസ്രായേൽജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.” മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?” മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. അതുകൊണ്ടു നിന്നിൽ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരിയായ എലിസബെത്ത് വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.” അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി.
ലൂക്കൊസ് 1:1-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു, ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു, അതുകൊണ്ട് നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്, അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു. യെഹൂദ്യരാജാവായ ഹെരോദാവിൻ്റെ ഭരണകാലത്ത് അഹീയാവിന്‍റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു. എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ടു അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു. സെഖര്യാവ് തന്‍റെ ഗണത്തിൻ്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവനു പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു. ദൂതൻ അവനോട് പറഞ്ഞത്: ”സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്‍റെ ഭാര്യ എലിസബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനം പലർക്കും സന്തോഷം ഉളവാക്കും. അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. അവൻ കർത്താവിന് മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.” സെഖര്യാവ് ദൂതനോട്: ”ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ” എന്നു പറഞ്ഞു. ദൂതൻ അവനോട്: ”ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്ത് സംഭവിപ്പാനുള്ള എന്‍റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും” എന്നു ഉത്തരം പറഞ്ഞു. ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആംഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു. അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി. ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അഞ്ചു മാസം എലിസബെത്ത് ഒളിച്ചു പാർത്തു. ”മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു” എന്നു എലിസബെത്ത് പറഞ്ഞു. എലിസബെത്ത് ഗർഭിണിയായി ആറു മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു. അവിടെ ദാവീദിന്‍റെ പിന്തുടർച്ചക്കാരനായ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു: ”കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അവൾ ആ വാക്ക് കേട്ടു ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു. ദൂതൻ അവളോട്: ”മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും അവൻ യാക്കോബിന്‍റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” എന്നു പറഞ്ഞു. മറിയ ദൂതനോട്: ”ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും” എന്നു പറഞ്ഞു. അതിന് ദൂതൻ: ”പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്‍റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു. അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
ലൂക്കൊസ് 1:1-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു, നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു. യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു. അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു. അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു. അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി. ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു: മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു. ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
ലൂക്കൊസ് 1:1-38 സമകാലിക മലയാളവിവർത്തനം (MCV)
ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്. ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു. അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും. യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു. അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു. ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ, കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി. ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി. ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം. അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും. കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.” സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു. അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു. നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു. ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു. പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി. ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു. “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു. എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ, ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു. ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു. എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു. അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു. “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.