LUKA 1:1-38

LUKA 1:1-38 MALCLBSI

നമ്മുടെ ഇടയിൽ നടന്നിട്ടുള്ള സംഭവങ്ങൾ രേഖപ്പെടുത്തുവാൻ പലരും പരിശ്രമിച്ചിട്ടുണ്ട്. ആദിമുതല്‌ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകർ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതൽ ഞാൻ ശ്രദ്ധാപൂർവം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കൾക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി. അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാൻ ഇതെഴുതുന്നു. യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തിൽപെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്റെ വംശജയായിരുന്നു. അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു. എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാൽ അവർക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു. ഒരിക്കൽ സഖറിയാ ഉൾപ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു. അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അർപ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാർപ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു. തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങൾ എല്ലാവരും അപ്പോൾ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. തത്സമയം ദൈവദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു പ്രത്യക്ഷനായി. സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. അപ്പോൾ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാൻ എന്നു പേരിടണം. നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്റെ ജനനത്തിൽ അനവധി ആളുകൾ സന്തോഷിക്കും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ദൃഷ്‍ടിയിൽ അവൻ ശ്രേഷ്ഠനായിരിക്കും. അവൻ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗർഭത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവുകൊണ്ടു നിറയും. ഇസ്രായേൽജനത്തിൽ പലരെയും ദൈവമായ കർത്താവിന്റെ അടുക്കലേക്ക് അവൻ തിരിച്ചുകൊണ്ടുവരും. അവൻ പിതാക്കന്മാരെയും മക്കളെയും തമ്മിൽ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്‍ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവൻ കർത്താവിന്റെ മുന്നോടിയായി ഏലിയാപ്രവാചകന്റെ വീറോടും ശക്തിയോടുംകൂടി പ്രവർത്തിക്കും.” അപ്പോൾ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാൻ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്റെ ഭാര്യയും അങ്ങനെതന്നെ.” ദൂതൻ പ്രതിവചിച്ചു: “ഞാൻ ദൈവസന്നിധിയിൽ നില്‌ക്കുന്ന ഗബ്രിയേലാണ്. ഈ സദ്‍വാർത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു. എന്റെ വാക്കുകൾ യഥാകാലം സത്യമാകും. എന്നാൽ നീ ആ വാക്കുകൾ വിശ്വസിക്കാഞ്ഞതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.” ജനങ്ങൾ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോർത്ത് അവർ ആശ്ചര്യപ്പെട്ടു. അദ്ദേഹം പുറത്തുവന്നപ്പോൾ അവരോട് ഒന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. ദേവാലയത്തിൽവച്ച് അദ്ദേഹത്തിന് ഒരു ദിവ്യദർശനം ഉണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു. തന്റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോൾ അദ്ദേഹം സ്വഭവനത്തിലേക്കു പോയി. അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അവർ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു. മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്‍ടിയിൽപ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി. എലിസബെത്ത് ഗർഭവതിയായതിന്റെ ആറാം മാസത്തിൽ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കൽ ദൈവം ഗബ്രിയേലിനെ അയച്ചു. ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സിൽ വിചാരിച്ചു. അപ്പോൾ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും. അവൻ എന്നെന്നേക്കും ഇസ്രായേൽജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.” മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?” മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. അതുകൊണ്ടു നിന്നിൽ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരിയായ എലിസബെത്ത് വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.” അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി.

LUKA 1 വായിക്കുക