ലേവ്യാപുസ്തകം 23:15-22

ലേവ്യാപുസ്തകം 23:15-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കറ്റ നീരാജനം ചെയ്ത ശബത്തിന്റെ പിറ്റേദിവസം മുതൽ ഏഴ് ആഴ്ചകൾ കണക്കാക്കണം. ഏഴാമത്തെ ശബത്തിന്റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സർവേശ്വരനു ധാന്യയാഗം കഴിക്കണം. നിങ്ങളുടെ വീടുകളിൽനിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സർവേശ്വരന്റെ മുമ്പിൽ നീരാജനം ചെയ്യാൻ ആദ്യഫലമായി അർപ്പിക്കണം. അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സർവേശ്വരന് ഹോമയാഗമായി അർപ്പിക്കണം. അതോടൊപ്പം അർപ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സർവേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും. ഒരു ആൺകോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അർപ്പിക്കണം. അവയെ ആദ്യവിളവിൽനിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടികളോടും കൂടി സർവേശ്വരനു നീരാജനം ചെയ്യണം. സർവേശ്വരസന്നിധിയിൽ വിശുദ്ധമായ അവ പുരോഹിതന്മാർക്കുള്ളതാണ്. അന്നുതന്നെ നിങ്ങൾ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്. നിലം കൊയ്യുമ്പോൾ അരികു തീർത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രർക്കും പരദേശികൾക്കുമുള്ളതാണ്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.”

ലേവ്യാപുസ്തകം 23:15-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശബ്ബത്തിന്റെ പിറ്റന്നാൾമുതൽ, നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽതന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയേണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽനിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അത് യഹോവയ്ക്ക് ആദ്യവിളവ്. അപ്പത്തോടുകൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കേണം. ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. അന്നുതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അതു ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 23:15-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“ശബ്ബത്തിന്‍റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിൻ്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം. ഏഴാമത്തെ ശബ്ബത്തിന്‍റെ പിറ്റെന്നാൾവരെ അമ്പത് ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അത് യഹോവയ്ക്ക് ആദ്യവിളവ്. അപ്പത്തോടുകൂടി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം. ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. പുരോഹിതൻ അവയെ ആദ്യവിളവിൻ്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. അന്നു തന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടണം; അന്നു കഠിന ജോലി യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. “നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്‍റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അത് ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”

ലേവ്യാപുസ്തകം 23:15-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവെക്കു ആദ്യവിളവു. അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവെക്കു ഹോമയാഗമായിരിക്കേണം. ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവെക്കു വിശുദ്ധമായിരിക്കേണം. അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 23:15-22 സമകാലിക മലയാളവിവർത്തനം (MCV)

“ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക. നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം. ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ. പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം. പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം. ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം. “ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”