ലേവ്യ 23
23
നിയതമായ ഉത്സവങ്ങൾ
1യഹോവ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്:
ശബ്ബത്ത്
3“ ‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്.
പെസഹയും പുളിപ്പില്ലാത്ത അപ്പവും
4“ ‘നിശ്ചയിക്കപ്പെട്ട സമയത്ത് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാണ്: 5യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും. 6ആ മാസം പതിനഞ്ചാംതീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കും, നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 7ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. 8ഏഴുദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.’ ”
ആദ്യഫലം
9യഹോവ മോശയോട് അരുളിച്ചെയ്തു: 10“ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ പ്രവേശിച്ചു വിളവെടുക്കുമ്പോൾ, നിങ്ങൾ കൊയ്യുന്ന ആദ്യധാന്യത്തിന്റെ കറ്റ പുരോഹിതന്റെയടുക്കൽ കൊണ്ടുവരിക. 11നിങ്ങളുടെപേർക്ക് അതു സ്വീകാര്യമാകാൻ അദ്ദേഹം കറ്റ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിക്കണം. ശബ്ബത്തിന്റെ പിറ്റേദിവസം പുരോഹിതൻ അത് ഉയർത്തണം. 12നിങ്ങൾ കറ്റ ദൈവസന്നിധിയിൽ ഉയർത്തി അർപ്പിക്കുന്ന ദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കണം. 13അതോടൊപ്പം അതിന്റെ ധാന്യവഴിപാടായി യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായ ഒലിവെണ്ണചേർത്ത് രണ്ട് ഓമെർ#23:13 ഏക. 3.2 കി.ഗ്രാം. നേർമയുള്ള മാവും അതിന്റെ പാനീയയാഗമായ കാൽ ഹീൻ#23:13 ഏക. 1 ലി. വീഞ്ഞും യഹോവയ്ക്കു ദഹനയാഗം കഴിക്കണം. 14ഈ യാഗം നിങ്ങളുടെ ദൈവത്തിനു കൊണ്ടുവരുന്നതുവരെ അപ്പമോ വറുത്തതോ പുതിയ ധാന്യമോ ഭക്ഷിക്കരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും എല്ലാ തലമുറകളിലും എന്നേക്കുമുള്ള പ്രമാണമാണ്.
ആഴ്ചകളുടെ പെരുന്നാൾ
15“ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം.#23:15 ഇതു വാരോത്സവം, പുറ. 34:22; ലേവ്യ. 23:15-22 കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു, അ.പ്ര. 2:1 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു. 16ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക. 17നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം. 18ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ. 19പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം. 20പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം. 21ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം.
22“ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
കാഹളനാദപ്പെരുന്നാൾ
23യഹോവ മോശയോട് അരുളിച്ചെയ്തു, 24“ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസത്തിന്റെ ഒന്നാംദിവസം നിങ്ങൾക്കു കാഹളം മുഴക്കിക്കൊണ്ടു സ്മാരകോത്സവം ആചരിക്കുന്ന വിശുദ്ധസഭായോഗമുള്ള വിശ്രമത്തിനുള്ള ശബ്ബത്തായിരിക്കും. 25അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’ ”
പാപപരിഹാരദിനം
26യഹോവ മോശയോട് അരുളിച്ചെയ്തു: 27“ഏഴാംമാസം പത്താംതീയതി പാപപരിഹാരദിനമാണ്. അന്ന് വിശുദ്ധസഭായോഗം ചേരുകയും ആത്മതപനം#23:27 അഥവാ, ഉപവസിക്കുക ചെയ്യുകയും, യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയും വേണം. 28നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്തുന്ന ദിനമായതുകൊണ്ട് ഒരു ജോലിയും ചെയ്യരുത്. 29അന്ന് ആത്മതപനം ചെയ്യാത്തവരെ തങ്ങളുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. 30അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും. 31നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കും. 32അതു വിശ്രമത്തിന്റെ ശബ്ബത്താണ്, നിങ്ങൾ ആത്മതപനംചെയ്യണം. ആ മാസം ഒൻപതാംദിവസം സന്ധ്യമുതൽ പിറ്റേന്ന് സന്ധ്യവരെ നിങ്ങൾ നിങ്ങളുടെ ശബ്ബത്ത് ആചരിക്കണം.”
കൂടാരപ്പെരുന്നാൾ
33യഹോവ മോശയോട് അരുളിച്ചെയ്തു, 34“ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസം പതിനഞ്ചാംതീയതി യഹോവയുടെ കൂടാരപ്പെരുന്നാൾ ആരംഭിക്കും; അത് ഏഴുദിവസം നീണ്ടുനിൽക്കും. 35ഒന്നാംദിവസം വിശുദ്ധ സഭായോഗമാണ്; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. 36ഏഴുദിവസം യഹോവയ്ക്കു ദഹനയാഗങ്ങൾ അർപ്പിക്കുക. എട്ടാംദിവസം വിശുദ്ധസഭായോഗം ചേരുകയും യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയുംചെയ്യുക. അതു സമാപനസഭായോഗമാണ്; ആ ദിവസം സാധാരണ ജോലിയൊന്നും ചെയ്യരുത്.
37(“ ‘ഓരോ ദിവസത്തേക്കും വേണ്ടുന്ന ഹോമയാഗങ്ങൾ, ധാന്യവഴിപാടുകൾ, യാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കുന്നതിനു കൊണ്ടുവരാൻ വിശുദ്ധ സഭായോഗംചേരുന്നതിനു നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങളാണിവ. 38ഈ വഴിപാടുകൾ, യഹോവയുടെ ശബ്ബത്തുകൾക്കും നിങ്ങളുടെ കാഴ്ചകൾക്കും നിങ്ങൾ നേർന്ന നേർച്ചകൾക്കും നിങ്ങൾ യഹോവയ്ക്കു സ്വമനസ്സാലെ കൊടുക്കുന്ന എല്ലാ വഴിപാടുകൾക്കുംപുറമേയാണ്.)
39“ ‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്. 40ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. 41ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം. 42ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം. 43അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
44ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ 23: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.