ലേവ്യപുസ്തകം 23

23
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു: 3#പുറപ്പാടു 20:8-10; 23:12; 31:15; 34:21; 35:2; ആവർത്തനപുസ്തകം 5:12-14ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
4അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു: 5#പുറപ്പാടു 12:1-13; ആവർത്തനപുസ്തകം 16:1,2ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. 6#പുറപ്പാടു 12:14-20; 23:15; 34:18; ആവർത്തനപുസ്തകം 16:3-8ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. 7ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു. 8നിങ്ങൾ ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
9യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 10നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 11നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം. 12കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവെക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. 13അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം. 14നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
15 # പുറപ്പാടു 23:16; 34:22; ആവർത്തനപുസ്തകം 16:9-12 ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം. 16ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. 17നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവെക്കു ആദ്യവിളവു. 18അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവെക്കു ഹോമയാഗമായിരിക്കേണം. 19ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. 20പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവെക്കു വിശുദ്ധമായിരിക്കേണം. 21അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
22 # ലേവ്യപുസ്തകം 19:9,10; ആവർത്തനപുസ്തകം 24:19-22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
23യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 24നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം. 25അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം.
26 # ലേവ്യപുസ്തകം 16:29-34 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 27ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം. 28അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം. 29അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 30അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും. 31യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 32അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.
33 # ആവർത്തനപുസ്തകം 16:13-15 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 34നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതിമുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു. 35ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു. 36ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; എട്ടാംദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവെക്കു ദഹനയാഗവും അർപ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
37യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവെക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ 38അതതു ദിവസത്തിൽ യഹോവെക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നേ.
39ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. 40ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. 41സംവത്സരം തോറും ഏഴു ദിവസം യഹോവെക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം. 42ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ 43അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 44അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോടു അറിയിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ലേവ്യപുസ്തകം 23: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക