ലേവ്യാപുസ്തകം 16:15-34
ലേവ്യാപുസ്തകം 16:15-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്ത് അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകല പാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം അതിന്മേൽ തളിച്ച് യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെയൊക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം. പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വച്ചേക്കേണം. അവൻ ഒരു വിശുദ്ധസ്ഥലത്തുവച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്ന് തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ പാപയാഗത്തിന്റെ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. ആട്ടുകൊറ്റനെ അസസേലിന് കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയിട്ടു മാത്രമേ പാളയത്തിൽ വരാവൂ. വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം. അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയിട്ടു മാത്രമേ പാളയത്തിൽ വരാവൂ. ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്. ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകല പാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നത്. അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മതപനം ചെയ്യേണം; അതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു. അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്‍വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കേണം. അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകല ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകല പാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.
ലേവ്യാപുസ്തകം 16:15-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അഹരോൻ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്‍ക്കുള്ളിൽ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം. അങ്ങനെ ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളിൽനിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്റെ മധ്യേ ആയതിനാൽ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം. അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുന്നതുമുതൽ തനിക്കും കുടുംബത്തിനും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്. പിന്നീട് അയാൾ യാഗപീഠത്തിന്റെ അടുക്കൽ സർവേശ്വരസന്നിധിയിൽ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറെയെടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം. കൈവിരൽകൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം. വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂർത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. അഹരോൻ രണ്ടു കൈകളും അതിന്റെ തലയിൽ വച്ച് ഇസ്രായേൽജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേൽ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആൾവശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം. ആ കോലാട് അവരുടെ അകൃത്യങ്ങൾ മുഴുവൻ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആൾ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം. അതിനുശേഷം അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോൾ ധരിച്ചിരുന്ന ലിനൻവസ്ത്രങ്ങൾ അവിടെ അഴിച്ചുവയ്‍ക്കണം. വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അർപ്പിച്ച് പ്രായശ്ചിത്തം കഴിക്കണം. പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം. അസസേലിന്റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ. വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം. അവയെ ദഹിപ്പിക്കുന്നയാൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ. ഇവ നിങ്ങൾ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്. അന്നു നിങ്ങൾ ഉപവസിക്കണം. നിങ്ങൾ എല്ലാവരും എല്ലാ പാപങ്ങളിൽനിന്നും മോചനം ലഭിച്ച് ദൈവസന്നിധിയിൽ ശുദ്ധിയോടെ നില്‌ക്കാൻ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്. ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങൾ നിങ്ങൾ എല്ലാക്കാലവും അനുസരിക്കണം. സ്വന്തപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതൻ വിശുദ്ധമായ ലിനൻവസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകർമം നിർവഹിക്കണം. വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. ഇസ്രായേൽജനത്തെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വർഷത്തിൽ ഒരിക്കൽ അനുഷ്ഠിക്കണം. ഈ ചട്ടങ്ങൾ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സർവേശ്വരൻ കല്പിച്ചതുപോലെ മോശ പ്രവർത്തിച്ചു.
ലേവ്യാപുസ്തകം 16:15-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“പിന്നെ അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു രക്തം കൃപാസനത്തിന്മേലും കൃപാസനത്തിൻ്റെ മുമ്പിലും തളിക്കേണം. യിസ്രായേൽ മക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ട് പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്‍റെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. “പിന്നെ അഹരോൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിനുവേണ്ടിയും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശെ എടുത്തു യാഗപീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം യാഗപീഠത്തിന്മേൽ തളിച്ച് യിസ്രായേൽ മക്കളുടെ അശുദ്ധികൾ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ചു യിസ്രായേൽ മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങൾ സർവ്വവും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടണം. “പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വച്ചേക്കണം. അവൻ ഒരു വിശുദ്ധസ്ഥലത്തുവച്ചു വെള്ളംകൊണ്ട് ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്ന് തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. “ആട്ടുകൊറ്റനെ അസസ്സേലിന് കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം പാളയത്തിൽ വരുന്നത്. വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം. അവയെ ചുട്ടുകളഞ്ഞവൻ പാളയത്തിൽ വരുന്നത് വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം. “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരുവേലയും ചെയ്യരുത്. ആ ദിവസത്തിൽ ആണല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്. അത് നിങ്ങൾക്ക് വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മതപനം ചെയ്യേണം; അത് നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടമാകുന്നു. അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്യുവാൻ അഭിഷിക്തനാകുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കേണം. അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. “വർഷത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടു പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.” യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.
ലേവ്യാപുസ്തകം 16:15-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം. യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിന്നും അവൻ അങ്ങനെതന്നേ ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം. അവൻ രക്തം കുറെ വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം. അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം. ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം. പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വെച്ചേക്കണം. അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടുമാത്രമേ പാളയത്തിൽ വരാവു. വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം. അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു. ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു. ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു. അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു. അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‌വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം. അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം. സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.
ലേവ്യാപുസ്തകം 16:15-34 സമകാലിക മലയാളവിവർത്തനം (MCV)
“ഇതിനുശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപശുദ്ധീകരണയാഗത്തിനായി കോലാടിനെ അറത്ത് അതിന്റെ രക്തം എടുത്തു തിരശ്ശീലയ്ക്കു പിന്നിൽ കൊണ്ടുപോയി, കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ കോലാടിന്റെരക്തംകൊണ്ടും ചെയ്യണം. അദ്ദേഹം അതു പാപനിവാരണസ്ഥാനത്തിനുമേലും അതിനു മുന്നിലും തളിക്കണം. ഇങ്ങനെ, അഹരോൻ ഇസ്രായേല്യരുടെ അശുദ്ധിയും മത്സരവും അവരുടെ മറ്റെല്ലാ പാപങ്ങളുംനിമിത്തം അതിവിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം കഴിക്കണം. അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിലിരിക്കുന്ന സമാഗമകൂടാരത്തിനുവേണ്ടിയും അദ്ദേഹം അങ്ങനെതന്നെ ചെയ്യണം. അഹരോൻ അതിവിശുദ്ധസ്ഥലത്തു ചെന്നു തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും ഇസ്രായേൽ സഭയ്ക്കുവേണ്ടിയും പ്രായശ്ചിത്തം കഴിച്ചു പുറത്തു വരുന്നതുവരെ ആരും സമാഗമകൂടാരത്തിൽ ഉണ്ടായിരിക്കരുത്. “ഇതിനുശേഷം അഹരോൻ പുറത്ത് യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിനു സമീപത്തേക്കു വന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. അദ്ദേഹം കാളയുടെ രക്തവും കോലാടിന്റെ രക്തവും കുറെ എടുത്തു യാഗപീഠത്തിന്റെ എല്ലാ കൊമ്പിലും പുരട്ടണം. അതിനെ ഇസ്രായേല്യരുടെ അശുദ്ധിയിൽനിന്ന് ശുദ്ധീകരിച്ചു വിശുദ്ധമാക്കാൻ അദ്ദേഹം കുറെ രക്തം തന്റെ വിരലുകൾകൊണ്ട് ഏഴുപ്രാവശ്യം അതിൽ തളിക്കണം. “അഹരോൻ അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചുതീർന്നിട്ട് ജീവനുള്ള കോലാടിനെ മുന്നോട്ടു കൊണ്ടുവരണം. അഹരോൻ രണ്ടു കൈയും ജീവനുള്ള കോലാടിന്റെ തലയിൽവെച്ച്, ഇസ്രായേലിന്റെ സകലദുഷ്ടതയും മത്സരവും അവരുടെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞു കോലാടിന്റെ തലയിൽ ചുമത്തണം. അദ്ദേഹം കോലാടിനെ ആ ചുമതലയ്ക്കായി നിയമിക്കപ്പെട്ട ഒരാളെ ഏൽപ്പിച്ച് മരുഭൂമിയിലേക്ക് അയയ്ക്കണം. ആ കോലാട് അവരുടെ സകലപാപവും ഒരു വിജനസ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോകും; അയാൾ അതിനെ മരുഭൂമിയിൽ വിട്ടയയ്ക്കണം. “പിന്നെ അഹരോൻ സമാഗമകൂടാരത്തിനകത്തുചെന്ന് അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതിനുമുമ്പു താൻ ധരിച്ച പരുത്തിനൂൽ വസ്ത്രങ്ങളെല്ലാം അഴിക്കുകയും അവയെ അവിടെ വെക്കുകയും വേണം. അദ്ദേഹം ശുദ്ധിയുള്ള സ്ഥലത്തുവെച്ച് വെള്ളത്തിൽ കുളിച്ചു തന്റെ സാധാരണ വസ്ത്രം ധരിക്കണം. പിന്നെ അഹരോൻ പുറത്തുവന്നു തനിക്കും ജനത്തിനും പ്രായശ്ചിത്തം വരുത്താൻ തനിക്കുവേണ്ടിയുള്ള ഹോമയാഗവും ജനത്തിനുവേണ്ടിയുള്ള ഹോമയാഗവും അർപ്പിക്കണം. അയാൾ പാപശുദ്ധീകരണയാഗത്തിന്റെ മേദസ്സ് യാഗപീഠത്തിൽ ദഹിപ്പിക്കുകയും വേണം. “അസസ്സേലിനുള്ള കോലാടിനെ കൊണ്ടുപോയി വിട്ട വ്യക്തി വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അവനു പാളയത്തിനകത്തുവരാം. വിശുദ്ധമന്ദിരത്തിലേക്കു, പ്രായശ്ചിത്തം വരുത്താൻ, രക്തം കൊണ്ടുവന്ന പാപശുദ്ധീകരണയാഗത്തിന്റെ കാളയെയും കോലാടിനെയും പാളയത്തിനുപുറത്തു കൊണ്ടുപോകണം; അതിന്റെ തുകലും മാംസവും ചാണകവും ചുട്ടുകളയണം. അവയെ ദഹിപ്പിക്കുന്നയാൾ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അയാൾക്കു പാളയത്തിലേക്കുവരാം. “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം; ഏഴാംമാസം പത്താംതീയതി നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും സ്വദേശിയും ആത്മതപനംചെയ്യണം; ജോലിയൊന്നും ചെയ്യരുത്, കാരണം, ഈ ദിവസം നിങ്ങളെ ശുദ്ധീകരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യപ്പെടും. പിന്നെ യഹോവയുടെ സന്നിധിയിൽ നിങ്ങളുടെ സകലപാപങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരായിരിക്കും. അതു സ്വസ്ഥതയുടെ ശബ്ബത്ത് ആണ്, നിങ്ങൾ ആത്മതപനംചെയ്യണം; ഇത് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. തങ്ങളുടെ പൂർവപിതാവായ അഹരോന്റെ സ്ഥാനത്തേക്ക് അഭിഷിക്തനായി സമർപ്പിക്കപ്പെട്ട മഹാപുരോഹിതനാണ് പ്രായശ്ചിത്തം കഴിക്കേണ്ടത്. അദ്ദേഹം വിശുദ്ധമായ പരുത്തിനൂൽവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം: ഇസ്രായേല്യരുടെ സകലപാപങ്ങൾക്കുംവേണ്ടി വർഷത്തിലൊരിക്കൽ പ്രായശ്ചിത്തം കഴിക്കണം.” യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ചെയ്തു.