ലേവ്യ 16:15-34

ലേവ്യ 16:15-34 MCV

“ഇതിനുശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപശുദ്ധീകരണയാഗത്തിനായി കോലാടിനെ അറത്ത് അതിന്റെ രക്തം എടുത്തു തിരശ്ശീലയ്ക്കു പിന്നിൽ കൊണ്ടുപോയി, കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ കോലാടിന്റെരക്തംകൊണ്ടും ചെയ്യണം. അദ്ദേഹം അതു പാപനിവാരണസ്ഥാനത്തിനുമേലും അതിനു മുന്നിലും തളിക്കണം. ഇങ്ങനെ, അഹരോൻ ഇസ്രായേല്യരുടെ അശുദ്ധിയും മത്സരവും അവരുടെ മറ്റെല്ലാ പാപങ്ങളുംനിമിത്തം അതിവിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം കഴിക്കണം. അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിലിരിക്കുന്ന സമാഗമകൂടാരത്തിനുവേണ്ടിയും അദ്ദേഹം അങ്ങനെതന്നെ ചെയ്യണം. അഹരോൻ അതിവിശുദ്ധസ്ഥലത്തു ചെന്നു തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും ഇസ്രായേൽ സഭയ്ക്കുവേണ്ടിയും പ്രായശ്ചിത്തം കഴിച്ചു പുറത്തു വരുന്നതുവരെ ആരും സമാഗമകൂടാരത്തിൽ ഉണ്ടായിരിക്കരുത്. “ഇതിനുശേഷം അഹരോൻ പുറത്ത് യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിനു സമീപത്തേക്കു വന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. അദ്ദേഹം കാളയുടെ രക്തവും കോലാടിന്റെ രക്തവും കുറെ എടുത്തു യാഗപീഠത്തിന്റെ എല്ലാ കൊമ്പിലും പുരട്ടണം. അതിനെ ഇസ്രായേല്യരുടെ അശുദ്ധിയിൽനിന്ന് ശുദ്ധീകരിച്ചു വിശുദ്ധമാക്കാൻ അദ്ദേഹം കുറെ രക്തം തന്റെ വിരലുകൾകൊണ്ട് ഏഴുപ്രാവശ്യം അതിൽ തളിക്കണം. “അഹരോൻ അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചുതീർന്നിട്ട് ജീവനുള്ള കോലാടിനെ മുന്നോട്ടു കൊണ്ടുവരണം. അഹരോൻ രണ്ടു കൈയും ജീവനുള്ള കോലാടിന്റെ തലയിൽവെച്ച്, ഇസ്രായേലിന്റെ സകലദുഷ്ടതയും മത്സരവും അവരുടെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞു കോലാടിന്റെ തലയിൽ ചുമത്തണം. അദ്ദേഹം കോലാടിനെ ആ ചുമതലയ്ക്കായി നിയമിക്കപ്പെട്ട ഒരാളെ ഏൽപ്പിച്ച് മരുഭൂമിയിലേക്ക് അയയ്ക്കണം. ആ കോലാട് അവരുടെ സകലപാപവും ഒരു വിജനസ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോകും; അയാൾ അതിനെ മരുഭൂമിയിൽ വിട്ടയയ്ക്കണം. “പിന്നെ അഹരോൻ സമാഗമകൂടാരത്തിനകത്തുചെന്ന് അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതിനുമുമ്പു താൻ ധരിച്ച പരുത്തിനൂൽ വസ്ത്രങ്ങളെല്ലാം അഴിക്കുകയും അവയെ അവിടെ വെക്കുകയും വേണം. അദ്ദേഹം ശുദ്ധിയുള്ള സ്ഥലത്തുവെച്ച് വെള്ളത്തിൽ കുളിച്ചു തന്റെ സാധാരണ വസ്ത്രം ധരിക്കണം. പിന്നെ അഹരോൻ പുറത്തുവന്നു തനിക്കും ജനത്തിനും പ്രായശ്ചിത്തം വരുത്താൻ തനിക്കുവേണ്ടിയുള്ള ഹോമയാഗവും ജനത്തിനുവേണ്ടിയുള്ള ഹോമയാഗവും അർപ്പിക്കണം. അയാൾ പാപശുദ്ധീകരണയാഗത്തിന്റെ മേദസ്സ് യാഗപീഠത്തിൽ ദഹിപ്പിക്കുകയും വേണം. “അസസ്സേലിനുള്ള കോലാടിനെ കൊണ്ടുപോയി വിട്ട വ്യക്തി വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അവനു പാളയത്തിനകത്തുവരാം. വിശുദ്ധമന്ദിരത്തിലേക്കു, പ്രായശ്ചിത്തം വരുത്താൻ, രക്തം കൊണ്ടുവന്ന പാപശുദ്ധീകരണയാഗത്തിന്റെ കാളയെയും കോലാടിനെയും പാളയത്തിനുപുറത്തു കൊണ്ടുപോകണം; അതിന്റെ തുകലും മാംസവും ചാണകവും ചുട്ടുകളയണം. അവയെ ദഹിപ്പിക്കുന്നയാൾ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അയാൾക്കു പാളയത്തിലേക്കുവരാം. “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം; ഏഴാംമാസം പത്താംതീയതി നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും സ്വദേശിയും ആത്മതപനംചെയ്യണം; ജോലിയൊന്നും ചെയ്യരുത്, കാരണം, ഈ ദിവസം നിങ്ങളെ ശുദ്ധീകരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യപ്പെടും. പിന്നെ യഹോവയുടെ സന്നിധിയിൽ നിങ്ങളുടെ സകലപാപങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരായിരിക്കും. അതു സ്വസ്ഥതയുടെ ശബ്ബത്ത് ആണ്, നിങ്ങൾ ആത്മതപനംചെയ്യണം; ഇത് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. തങ്ങളുടെ പൂർവപിതാവായ അഹരോന്റെ സ്ഥാനത്തേക്ക് അഭിഷിക്തനായി സമർപ്പിക്കപ്പെട്ട മഹാപുരോഹിതനാണ് പ്രായശ്ചിത്തം കഴിക്കേണ്ടത്. അദ്ദേഹം വിശുദ്ധമായ പരുത്തിനൂൽവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം: ഇസ്രായേല്യരുടെ സകലപാപങ്ങൾക്കുംവേണ്ടി വർഷത്തിലൊരിക്കൽ പ്രായശ്ചിത്തം കഴിക്കണം.” യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ചെയ്തു.