LEVITICUS 16:15-34

LEVITICUS 16:15-34 MALCLBSI

പിന്നീട് അഹരോൻ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്‍ക്കുള്ളിൽ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം. അങ്ങനെ ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളിൽനിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്റെ മധ്യേ ആയതിനാൽ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം. അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുന്നതുമുതൽ തനിക്കും കുടുംബത്തിനും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്. പിന്നീട് അയാൾ യാഗപീഠത്തിന്റെ അടുക്കൽ സർവേശ്വരസന്നിധിയിൽ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറെയെടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം. കൈവിരൽകൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം. വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂർത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. അഹരോൻ രണ്ടു കൈകളും അതിന്റെ തലയിൽ വച്ച് ഇസ്രായേൽജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേൽ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആൾവശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം. ആ കോലാട് അവരുടെ അകൃത്യങ്ങൾ മുഴുവൻ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആൾ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം. അതിനുശേഷം അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോൾ ധരിച്ചിരുന്ന ലിനൻവസ്ത്രങ്ങൾ അവിടെ അഴിച്ചുവയ്‍ക്കണം. വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അർപ്പിച്ച് പ്രായശ്ചിത്തം കഴിക്കണം. പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം. അസസേലിന്റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ. വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം. അവയെ ദഹിപ്പിക്കുന്നയാൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ. ഇവ നിങ്ങൾ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്. അന്നു നിങ്ങൾ ഉപവസിക്കണം. നിങ്ങൾ എല്ലാവരും എല്ലാ പാപങ്ങളിൽനിന്നും മോചനം ലഭിച്ച് ദൈവസന്നിധിയിൽ ശുദ്ധിയോടെ നില്‌ക്കാൻ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്. ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങൾ നിങ്ങൾ എല്ലാക്കാലവും അനുസരിക്കണം. സ്വന്തപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതൻ വിശുദ്ധമായ ലിനൻവസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകർമം നിർവഹിക്കണം. വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. ഇസ്രായേൽജനത്തെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വർഷത്തിൽ ഒരിക്കൽ അനുഷ്ഠിക്കണം. ഈ ചട്ടങ്ങൾ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സർവേശ്വരൻ കല്പിച്ചതുപോലെ മോശ പ്രവർത്തിച്ചു.

LEVITICUS 16 വായിക്കുക