ലേവ്യാപുസ്തകം 14:1-20
ലേവ്യാപുസ്തകം 14:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിത്: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായെന്നു പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുമുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം. പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം. ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ അവൻ എടുത്ത് ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെമേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം. ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമമൊക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിനുശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിനു പുറമേ ഏഴു ദിവസം പാർക്കേണം. ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകല രോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും. എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ട് ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം. ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിർത്തേണം. പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവച്ച് കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം. പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം. ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം. പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി പോക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം. പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
ലേവ്യാപുസ്തകം 14:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: കുഷ്ഠരോഗം മാറിയവന്റെ ശുദ്ധീകരണത്തിനുള്ള ചട്ടങ്ങൾ ഇവയാകുന്നു. അവനെ ശുദ്ധീകരണദിവസം പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അവനെ പാളയത്തിനു പുറത്തുവച്ച് പരിശോധിക്കണം. അവൻ രോഗവിമുക്തനാണെന്നു കണ്ടാൽ അവനുവേണ്ടി ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുമരത്തിന്റെ ഒരു കഷണം, ചുവന്ന ചരട്, ഈസോപ്പുചെടിയുടെ ഒരു ചില്ല എന്നിവ കൊണ്ടുവരാൻ പുരോഹിതൻ നിർദ്ദേശിക്കണം. ഒരു മൺപാത്രത്തിൽ ഉറവജലം പകർന്ന് അതിനു മീതെ വച്ച് ഒരു പക്ഷിയെ കൊല്ലാൻ പുരോഹിതൻ കല്പിക്കണം. ദേവദാരുക്കഷണം, ചുവപ്പുചരട്, ഈസോപ്പുചില്ല എന്നിവയോടൊപ്പം ജീവനുള്ള പക്ഷിയെ ഉറവജലത്തിനു മീതെ വച്ചു കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കണം. ശുദ്ധീകരിക്കപ്പെടേണ്ടവന്റെ ദേഹത്ത് ആ രക്തം ഏഴു പ്രാവശ്യം തളിച്ചശേഷം അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ സ്വതന്ത്രമായി വിടുകയും വേണം. അവൻ വസ്ത്രം അലക്കി തല മുണ്ഡനം ചെയ്തിട്ട് വെള്ളത്തിൽ കുളിക്കുമ്പോൾ ശുദ്ധനായിത്തീരും. പിന്നെ അവനു പാളയത്തിൽ പ്രവേശിക്കാം. എന്നാൽ ഏഴു ദിവസം കൂടാരത്തിൽ പ്രവേശിച്ചുകൂടാ. ഏഴാം ദിവസം തലയും താടിയും പുരികവും ക്ഷൗരം ചെയ്തശേഷം വസ്ത്രം അലക്കി കുളിക്കണം. അപ്പോൾ അവൻ ശുദ്ധനായിത്തീരും. എട്ടാം ദിവസം അവൻ കുറ്റമറ്റ രണ്ട് ആണാട്ടിൻകുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിൻകുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേർത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം. ശുദ്ധീകരണകർമം നടത്തുന്ന പുരോഹിതൻ അവനെ ഇവയോടുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ നിർത്തണം. പുരോഹിതൻ ആണാട്ടിൻകുട്ടികളിൽ ഒന്നിനെ നാഴി എണ്ണയോടുകൂടി പ്രായശ്ചിത്തയാഗമായി അർപ്പിക്കണം. സർവേശ്വരസന്നിധിയിൽ അവയെ നീരാജനം ചെയ്യണം. പാപപരിഹാരയാഗത്തിനും ഹോമയാഗത്തിനുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ അയാൾ ആട്ടിൻകുട്ടിയെ കൊല്ലണം. പാപപരിഹാരയാഗവസ്തുപോലെ പ്രായശ്ചിത്തയാഗവസ്തുവും പുരോഹിതനുള്ളതാണ്. അത് അതിവിശുദ്ധമാകുന്നു. പ്രായശ്ചിത്തയാഗത്തിനായി കൊന്ന മൃഗത്തിന്റെ രക്തത്തിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടണം. പിന്നീട് പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ച് അതിൽ വലതുകൈവിരൽ മുക്കി സർവേശ്വരസന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം. കൈയിൽ ശേഷിച്ച എണ്ണയിൽ കുറെയെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും പെരുവിരലുകളിലും പുരട്ടിയിരുന്ന പ്രായശ്ചിത്തയാഗരക്തത്തിനു മീതെ പുരട്ടണം. കൈയിൽ ബാക്കിയായ എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ തലയിൽ ഒഴിക്കണം. അങ്ങനെ പുരോഹിതൻ അവനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തകർമം നിർവ്വഹിക്കണം. ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതൻ പാപപരിഹാരയാഗം അർപ്പിച്ചു പ്രായശ്ചിത്തം ചെയ്തശേഷം ഹോമയാഗമൃഗത്തെ കൊല്ലണം. അതും ധാന്യയാഗവും യാഗപീഠത്തിൽ അർപ്പിക്കണം. അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവൻ ശുദ്ധനായിത്തീരും.
ലേവ്യാപുസ്തകം 14:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണം ഇതാണ്: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരുവാൻ കല്പിക്കേണം. പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവ ജലത്തിന്മീതെ അറുക്കുവാൻ കല്പിക്കേണം. ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ അവൻ എടുത്ത് ഇവയും ജീവനുള്ള പക്ഷിയെയും ഉറവ ജലത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി കുഷ്ഠശുദ്ധീകരണം കഴിക്കുവാനുള്ളവൻ്റെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കുകയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം. ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്‍റെശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിനു പുറത്ത് ഏഴു ദിവസം പാർക്കേണം. ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും. “എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണചേർത്ത മൂന്നിടങ്ങഴി നേരിയമാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം. ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിർത്തേണം. “പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന സ്ഥലത്തുവച്ച് കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം. പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവൻ്റെ വലതുകാതിൻ്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിൻ്റെ പെരുവിരലിന്മേലും പുരട്ടേണം. “പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം. ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവൻ്റെ വലതുകാതിൻ്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം. പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവൻ്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. “പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം. പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
ലേവ്യാപുസ്തകം 14:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതു: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ പാളയത്തിന്നു പുറത്തു ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം. പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം. ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം. ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാർക്കേണം. ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും. എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം. ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിർത്തേണം. പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം. പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം. പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം. ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം. പുരോഹിതന്റെ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. പുരോഹിതൻ പാപയാഗം അർപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം. പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
ലേവ്യാപുസ്തകം 14:1-20 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “കുഷ്ഠരോഗിയെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരുമ്പോൾ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്: പുരോഹിതൻ പാളയത്തിനു പുറത്തുപോയി ആ മനുഷ്യനെ പരിശോധിക്കണം. അയാളുടെ കുഷ്ഠരോഗം സുഖമായി എന്നു കണ്ടാൽ, ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി, ജീവനും ശുദ്ധിയുമുള്ള രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരാൻ പുരോഹിതൻ കൽപ്പിക്കണം. പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം. പിന്നീട് അദ്ദേഹം ജീവനുള്ള പക്ഷിയെ എടുത്തു ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവയോടൊപ്പം, കൊന്ന പക്ഷിയുടെ രക്തംകലർന്ന ശുദ്ധജലത്തിൽ മുക്കണം. ആ രക്തം അദ്ദേഹം കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടേണ്ട ആളിന്റെമേൽ ഏഴുപ്രാവശ്യം തളിച്ച് അയാൾ ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ തുറസ്സായസ്ഥലത്തു തുറന്നുവിടണം. “ശുദ്ധീകരിക്കപ്പെടേണ്ടയാൾ വസ്ത്രം കഴുകി, രോമമെല്ലാം വടിച്ചുകളഞ്ഞു വെള്ളത്തിൽ കുളിക്കണം; അപ്പോൾ ആ മനുഷ്യൻ ആചാരപരമായി ശുദ്ധമായിത്തീരും. അതിനുശേഷം അയാൾക്കു പാളയത്തിനകത്തുവരാം, എന്നാൽ ആ മനുഷ്യൻ ഏഴുദിവസം തന്റെ കൂടാരത്തിനു വെളിയിൽ കഴിയണം. ഏഴാംദിവസം അയാൾ രോമമെല്ലാം വടിച്ചുകളയണം; തലയും താടിയും കൺപുരികങ്ങളും ഉൾപ്പെടെ തന്റെ ശേഷിച്ച എല്ലാ രോമവും വടിച്ചുകളയണം. അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ തന്നെത്താൻ കുളിക്കണം. ഇങ്ങനെ ആ മനുഷ്യൻ ആചാരപരമായി ശുദ്ധനാകും. “എട്ടാംദിവസം അയാൾ ഊനമില്ലാത്ത രണ്ടു കോലാട്ടിൻകുട്ടികളെയും ഒരുവയസ്സുള്ള ഊനമില്ലാത്ത ഒരു പെണ്ണാട്ടിൻകുട്ടിയെയും; ഭോജനയാഗമായി ഒലിവെണ്ണകുഴച്ച, മൂന്ന് ഓമെർ നേരിയമാവും ഒരു പാത്രം ഒലിവെണ്ണയും കൊണ്ടുവരണം. ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ, ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയെ അയാളുടെ വഴിപാടിനോടൊപ്പം യഹോവയുടെമുമ്പാകെ സമാഗമകൂടാരവാതിലിൽ നിർത്തണം. “പിന്നെ പുരോഹിതൻ കോലാട്ടിൻകുട്ടിയിൽ ഒന്നിനെ എടുത്ത് ഒലിവെണ്ണയോടൊപ്പം അകൃത്യയാഗമായി അർപ്പിക്കണം. അദ്ദേഹം അവയെ വിശിഷ്ടയാഗമായി യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കണം. പാപശുദ്ധീകരണയാഗവും ഹോമയാഗവും അറക്കുന്ന വിശുദ്ധസ്ഥലത്ത് അദ്ദേഹം ആട്ടിൻകുട്ടിയെ അറക്കണം. പാപശുദ്ധീകരണയാഗംപോലെ അകൃത്യയാഗം പുരോഹിതനുള്ളതാണ്; അത് അതിവിശുദ്ധമാണ്. പുരോഹിതൻ അകൃത്യയാഗത്തിന്റെ കുറെ രക്തം എടുത്ത് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും പുരട്ടണം. പിന്നീടു പുരോഹിതൻ ഒലിവെണ്ണയിൽ കുറെ എടുത്തു തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു. വലതുചൂണ്ടുവിരൽ ഉള്ളംകൈയിലെ എണ്ണയിൽ മുക്കി, അതിൽ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. പുരോഹിതൻ, തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ കുറെ ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും അകൃത്യയാഗത്തിന്റെ രക്തത്തിനുമീതേയും പുരട്ടണം. തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ പുരോഹിതൻ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. “പിന്നെ പുരോഹിതൻ പാപശുദ്ധീകരണയാഗം അർപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അതിനുശേഷം പുരോഹിതൻ ഹോമയാഗമൃഗത്തെ അറത്തു ഭോജനയാഗത്തോടൊപ്പം യാഗപീഠത്തിൽ അർപ്പിച്ച് അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. എന്നാൽ ആ മനുഷ്യൻ ശുദ്ധമായിരിക്കും.